ന്യൂഡൽഹി: കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് ഡൽഹിയിലെ ഗാസിപ്പൂർ- ഗാസിയാബാദ് അതിർത്തിയിലെ സമരകേന്ദ്രത്തിൽ സ്മാരകമൊരുങ്ങുന്നു. ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിലാണിത്. കർഷക നേതാവ് രാകേഷ് ടിക്കായത്ത്, സാമൂഹ്യ പ്രവർത്തക മേധാ പട്കർ എന്നിവർ ചേർന്ന് ശിലാസ്ഥാപനം നടത്തി. സമരത്തിനിടെ മരിച്ച 320 കർഷകരുടെ ഗ്രാമത്തിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചാണ് സ്മാരക നിർമ്മാണം.
അതിനിടെ കർഷകസമരത്തിന് പിന്തുണയുമായി മാർച്ച് 30ന് ഗുജറാത്തിലെ ദണ്ഡിയിൽ നിന്നാരംഭിച്ച 'മിട്ടി സത്യഗ്രഹ യാത്ര' ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിലെത്തി. 23 സംസ്ഥാനങ്ങളിലെ 1500 ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണുമായി രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയശേഷമാണ് യാത്ര സമരകേന്ദ്രത്തിലെത്തിയത്. ഭഗത് സിംഗിന്റെ ഗ്രാമമായ ഖട്കർകലാൻ, സുഖ്ദേവിന്റെ ഗ്രാമമായ നൗഗാര, ഉദ്ദം സിംഗിന്റെ ഗ്രാമമായ സുനാം, ചന്ദ്രശേഖർ ആസാദിന്റെ ജന്മസ്ഥലമായ ജാബുവയിലെ ഭാഭര, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു.
ബി.ജെ.പി നേതാക്കളെ ബഹിഷ്കരിക്കും
കർഷകസമരത്തെ പിന്തുണയ്ക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി നേതാക്കളോടും പ്രവർത്തകരോടും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. സമരത്തെ പിന്തുണച്ചില്ലെങ്കിൽ നേതാക്കളെയും പ്രവർത്തകരെയും കർഷകർ സാമൂഹികമായി ബഹിഷ്‌ക്കരിക്കുമെന്നും കിസാൻ മോർച്ച മുന്നറിയിപ്പ് നൽകി.