anil-deshmukh

ന്യൂഡൽഹി: അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാരും മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അനിൽ ദേശ്‌മുഖിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി ജസ്റ്റിസുമാരായ സജ്ഞയ് കിഷൻ കൗൾ, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

പൊതുജനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു.

'ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്ന സി.ബി.ഐ അന്വേഷണം പ്രഥമിക നടപടി മാത്രമാണ്. നിങ്ങളുടെ ശത്രുവല്ല,​ മറിച്ച് നിങ്ങളുടെ വലം കൈയായി പ്രവർത്തിച്ചിരുന്നയാളാണ് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിനെ നിസാരമായി തള്ളാനാവില്ല. സ്വതന്ത്ര അന്വേഷണം ആവശ്യമാണ്."-കോടതി അറിയിച്ചു.

സി.ബി.ഐയ്ക്ക് പകരം ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് അനിൽ ദേശ്‌മുഖിനായി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. നിങ്ങളുടെ ഇഷ്ടത്തിനല്ല അന്വേഷണ ഏജൻസിയെ പ്രഖ്യാപിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് മഹാരാഷ്ട്ര സർക്കാരിനായി ഹാജരായത്.

പൊലീസുകാരോട് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസം 100 കോടി രൂപ പിരിക്കാൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായി അനിൽ ദേശ്‌മുഖ് നിർദ്ദേശിച്ചെന്നാണ് മുൻ മുംബയ് പൊലീസ് കമ്മീഷണർ പരംവീർ സിംഗിന്റെ ആരോപണം.

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പരംവീർ സിംഗിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശ്‌മുഖിനെതിരെ പരംവീർ സിംഗ് ആരോപണം ഉന്നയിച്ചതും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയതും.

സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ അനിൽ മന്ത്രിസ്ഥാനം രാജിവച്ചു.