വിരമിക്കുന്ന ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ചതിൽ എതിർപ്പ്
ന്യൂഡൽഹി : നിയുക്ത ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇന്നലെ അവധിയെടുത്തതോടെ പുതിയ ജഡ്ജിമാരെ നിയമിക്കുന്നത് തീരുമാനിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിളിച്ച കൊളീജിയം യോഗം റദ്ദാക്കി.
സുപ്രീം കോടതിയിൽ പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയ പശ്ചാത്തലത്തിൽ, വിരമിക്കുന്ന ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ച് പുതിയ ജഡ്‌ജിമാരുടെ നിയമനം തീരുമാനിക്കുന്നത് കീഴ്‌വഴക്കത്തിന് വിരുദ്ധമാണെന്ന് കാട്ടി രണ്ട് മുതിർന്ന ജഡ്ജിമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ജസ്റ്റിസ് രമണ അവധിയെടുത്തത്.
പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ച സാഹചര്യത്തിൽ അദ്ദേഹമാണ് ഇനി കൊളീജിയം വിളിക്കേണ്ടത് എന്നാണ് അവരുടെ നിലപാട്. രാഷ്ട്രപതിയുടെ ഉത്തരവിന് മുമ്പാണ് കൊളീജിയം യോഗം തീരുമാനിച്ചത്. എന്നാൽ രാഷ്‌ട്രപതിയുടെ ഉത്തരവ് ഏപ്രിൽ 6ന് വന്ന ശേഷവും കൊളീജിയം ചേരാനുള്ള തീരുമാനം ബോബ്ഡെ മാറ്റാത്തതിലാണ് എതിർപ്പ്.
ജസ്റ്റിസ് രമണ പുതിയ ചീഫ് ജസ്റ്റിസായി ഈ മാസം 24ന് സ്ഥാനമേൽക്കും.
കൊളീജിയം
അഞ്ച് ജഡ്ജിമാർ ഉൾപ്പെടുന്നതാണ് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയെ കൂടാതെ നിയുക്ത ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, യു.യു.ലളിത്, എ.എം.ഖാൻവിൽഖർ എന്നിവരാണ് അംഗങ്ങൾ.
അഞ്ച് ഒഴിവുകൾ
സുപ്രീം കോടതിയിൽ നിലവിൽ അഞ്ച് ജഡ്ജിമാരുടെ ഒഴിവുണ്ട്. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ തന്റെ 14 മാസത്തെ കാലയളവിൽ സർക്കാരിന് ശുപാർശകളൊന്നും നൽകിയിട്ടില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ്‌മാരായ അശോക് ഭൂഷൺ, റോഹിന്റൺ നരിമാൻ, നവീൻ സിൻഹ എന്നിവരും ഈ വർഷം വിരമിക്കും. 2019 സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ അവസാനം ജഡ്‌ജി നിയമനം നടന്നത്.