bjp

ന്യൂഡൽഹി/അഗർത്തല: ത്രിപുരയിൽ ആദിവാസി സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കും സഖ്യകക്ഷിയായ ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്‌ക്കും(ഐ.പി.എഫ്.ടി) തിരിച്ചടി.

മുൻ കോൺഗ്രസ് നേതാവ് മാണിക്യ ദേബ് ബർമ്മന്റെ തിപ്ര (ദി ഇൻഡിജീനിയസ് പ്രൊഗ്രസീവ് റീജിയണൽ അലയൻസ്) പാർട്ടി 18 സീറ്റുകളുമായി ഭൂരിപക്ഷം നേടി. ബി.ജെ.പിക്കും സഖ്യകക്ഷിക്കും 9 സീറ്റുകളാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും ജയിച്ചു. ഇടത് പാർട്ടികൾക്കും കോൺഗ്രസിനും ഒരിടത്തും ജയിക്കാനായില്ല.

കോൺഗ്രസിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷനായ ദേബ് ബർമ്മൻ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടർന്നാണ് രാജിവച്ച് തിപ്ര രൂപീകരിച്ചത്. 20 അസംബ്ളി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 30അംഗങ്ങളാണ് ത്രിപുര ആദിവാസി കൗൺസിലിലുള്ളത്. രണ്ടുപേരെ ഗവർണർ നോമിനേറ്റ് ചെയ്യും. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ അന്നത്തെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എം 25 സീറ്റുകളും തൂത്തുവാരിയിരുന്നു. എന്നാൽ 2018ൽ എൻ.ഡി.എ 18 സീറ്റുകൾ നേടി ഭരണം പിടിച്ചു.

ത്രിപുരയിലെ 40ലക്ഷത്തോളം വരുന്ന ആദിവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ആദിവാസി ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്‌ട്രീയത്തിൽ നിർണായകമാണ്.