ന്യൂഡൽഹി : ഹൈക്കോടതികളിൽ സ്ഥിരം ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തിയശേഷം താത്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ താത്കാലിക ജഡ്ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് പ്രഹരി എന്ന സന്നദ്ധസംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ച്.
തീർപ്പാകാതെ കിടക്കുന്ന കേസുകൾ പരിഹരിക്കണമെന്നതിൽ തർക്കമില്ല. എന്നാൽ അതിനായുള്ള പ്രത്യേക നിയമനങ്ങൾ സ്ഥിരം നിയമനത്തിന് ശേഷം മതിയെന്ന് കേന്ദ്രത്തിനായി അഡിഷണൽ സോളിസിറ്റർ ജനറൽ ആർ.എസ്. സൂരി കോടതിയിൽ വ്യക്തമാക്കി. സ്ഥിരം ഒഴിവുകൾ നികത്തിയാൽ പിന്നെന്തിനാണ് താത്കാലിക ജഡ്ജിമാരെ നിയമിക്കുന്നതെന്ന് ജസ്റ്റിസ് കൗൾ ചോദിച്ചു. സ്ഥിരം ജഡ്ജിമാരുടെ നിയമനം പൂർത്തിയാകുംവരെ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനാണ് താത്കാലിക നിയമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് 15ലേക്ക് മാറ്റി. താത്കാലിക ജഡ്ജിമാരെ നിയമിക്കുന്നതിന് മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതികളോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
തീർപ്പാക്കാൻ 51ലക്ഷം കേസുകൾ
ഹൈക്കോടതികളിൽ മാത്രം കെട്ടിക്കിടക്കുന്നത് 51 ലക്ഷം കേസുകളാണ്. സുപ്രീം കോടതിയിൽ 66,727 കേസുകളും. ഇതിൽ 448 എണ്ണം ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ളതാണ്. അതിൽത്തന്നെ 294 എണ്ണം 5 അംഗബെഞ്ചിലും 15 എണ്ണം 7 അംഗ ബെഞ്ചിലും 135 എണ്ണം 9 അംഗ ബെഞ്ചിലുമാണ്.