varanasi

ന്യൂഡൽഹി: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപ്പി മുസ്ലിം പള്ളിയുടെ നിർമ്മാണത്തെപ്പറ്റി സർവെ നടത്താൻ ആർക്കിയോളജി വിഭാഗത്തിന് നിർദ്ദേശം നൽകി വാരണാസി കോടതി.

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബ് പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പ്രദേശവാസികളുടെ പരാതിയിലാണിത്. സർവെയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും അതിൽ രണ്ട് പേർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ദ്ധനെ സർവെയുടെ നിരീക്ഷകനായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

തർക്കമുന്നയിച്ച ആരാധനാലയം എന്തെങ്കിലും തരത്തിലുള്ള പൊളിച്ചു മാറ്റലുകൾക്കോ കൂട്ടിച്ചേർക്കലുകൾക്കോ വിധേയപ്പെട്ടതാണോയെന്നും മതഘടന വ്യക്തമാക്കുന്ന ഓവർലാപ്പിംഗ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്. തർക്കസ്ഥലത്ത് പള്ളി പണിയുന്നതിന് മുമ്പേ ഏതെങ്കിലും ഹിന്ദു ക്ഷേത്രം പണിതിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്തണം.