ന്യൂഡൽഹി: അയൽസംസ്ഥാനങ്ങളിൽ വയ്‌ക്കോൽ കത്തിക്കുന്നതിലൂടെ ഡൽഹിയിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് അടുത്തയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ദേദഗതി വരുത്തിയ ഓർഡിനൻസ് അടുത്തയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ തുഷാർ മേത്തയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ വിളവെടുപ്പിന് ശേഷം വയ്‌ക്കോൽ കൂട്ടിയിട്ട് കത്തിക്കുന്ന വായുമലിനീകരണമുണ്ടാക്കുന്നുവെന്ന ഹർജിയിൽ പരിഹാരം കാണാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തിയത്. വായു മലിനമാക്കുന്നവർ അഞ്ച് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കുന്ന കുറ്റമാക്കിയാണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി.
മലിനീകരണത്തിനുള്ള കാരണങ്ങൾ കണ്ടെത്തി വായു ഗുണനിലവാരം ഉറപ്പു വരുത്താനും ആവശ്യമായ ഗവേഷണവും മറ്റും നടത്താനുമുള്ള ദൗത്യങ്ങളോടെ 18 അംഗ കമ്മിഷൻ രൂപീകരിക്കാൻ ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. അയൽ സംസ്ഥാനങ്ങളിൽ വയലുകളിൽ വയ്‌ക്കോൽ കത്തിക്കൽ, വാഹനപ്പുക, പൊടി തുടങ്ങി ഡൽഹിയിലെ വായു ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കലാണ് പ്രധാന ചുതമല. മലിനീകരണം തടയുന്നതിനായി കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.