ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ച് പരിശോധന കൂട്ടാനും രാത്രി കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ കടുപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിൽ നിർദ്ദേശിച്ചു. വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗികമല്ല. രാത്രി കർഫ്യൂവിന് കൊറോണാ കർഫ്യൂ എന്ന് പേരിടണം. ഞായർ മുതൽ 14 വരെ 'വാക്സിനേഷൻ ഉത്സവ്' എന്ന പേരിൽ, 45 നു മേൽ പ്രായമുള്ളവർക്കെല്ലാം കുത്തിവയ്പ് ഉറപ്പാക്കണം. ഇതിന് പൊതുസമൂഹം മുന്നിട്ടിറങ്ങാനും മോദി നിർദ്ദേശിച്ചു.
വാക്സിനോ വേണ്ടത്ര പി.പി.ഇ കിറ്റുകളോ ലാബുകളോ ഇല്ലാതിരുന്ന കഴിഞ്ഞ വർഷം ലോക്ക്ഡൗൺ മാത്രമായിരുന്നു പോംവഴി. ഇന്ന് അടിസ്ഥാന സൗകര്യങ്ങളും വാക്സിനും ലഭ്യമാണ്. അതേസമയം കൊവിഡ് പ്രതിരോധത്തിൽ കുറച്ച് അലസത വന്നിട്ടുണ്ട്. സാമ്പിളുകൾ കൃത്യമായി ശേഖരിക്കണം. രോഗികളുമായി സമ്പർക്കമുള്ള കുറഞ്ഞത് 30 പേരെയെങ്കിലും കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ നിലനിറുത്തണം. വാക്സിൻ സ്വീകരിച്ചവരും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. കൊവിഡ് മൂലമുള്ള മരണം കുറയ്ക്കലാണ് ലക്ഷ്യം. കൊവിഡിന്റെ പേരിലുള്ള രാഷ്‌ട്രീയം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.