ഒരിടവേളയ്ക്ക് ശേഷം പതിയിരുന്നുള്ള ആക്രമണത്തിന്റെയും കൊലപാതകങ്ങളുടേയും മാവോയിസ്റ്റ് വെടിയൊച്ച ഛത്തീസ്‌ഗഢിൽ നിന്ന് ഉയർന്ന് കേൾക്കുകയാണ്. കഴിഞ്ഞ മൂന്നിനാണ് രാജ്യത്തെ നടുക്കിയ അതിക്രമങ്ങളുണ്ടായത്.
ഛത്തീസ്ഗഢിലെ ബിജാപുർ – സുഖ്‌മ ജില്ലകളുടെ അതിർത്തി പ്രദേശമായ താരെം മേഖലയിൽ കൊടുംകുറ്റവാളിയായ നക്സൽ കമാൻഡർ മാദ്‌വി ഹിദ്‍മ ഉള്ളതായി നക്സൽ വിരുദ്ധ സേനയ്ക്ക് രഹസ്യാന്വേഷണ വിവരം ലഭിക്കുന്നു. ഇതേത്തുടർന്ന് ബിജാപുർ ജില്ലയിലെ താരെം, ഉസുർ, പാമെഡ്, സുഖ്‌മ ജില്ലയിലെ നിംപ, നരസ്പുരം എന്നിവിടങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ രണ്ടിന് രാത്രി തിരച്ചിലിനിറങ്ങുന്നു. മൂന്നിന് രാവിലെ 10 മണിയോടെ സേനാംഗങ്ങൾക്ക് നേരെ മാവോയിസ്റ്റുകൾ അക്രമം അഴിച്ചു വിടുന്നു. ബസ്‍തര്‍ വനമേഖലയില്‍ നടന്ന അതിഭീകര ആക്രമണത്തിൽ ഏഴ് കോബ്ര കമാൻഡർമാർ ഉൾപ്പെടെ എട്ടുപേരെ സി.ആർ.പി.എഫിന് നഷ്ടമായപ്പോൾ ബസ്റ്റരിയ ബറ്റാലിയനിലെ ഒരു ജവാനും ഡി.ആർ.ജിയിലെ എട്ടുപേരും സ്പെഷൽ ടാസ്ക് ഫോഴ്സിലെ അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 10 – 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. 31 ജവാൻമാർക്ക് പരിക്കേറ്റു.വിപ്ലവം തോക്കിൻ കുഴിലൂടെ എത്തിയില്ലെങ്കിലും ഇരുഭാഗത്ത് നിന്നും മരണമണി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഒഡിഷയും ആന്ധ്രയും ജാര്‍ഖണ്ഡും ബിഹാറും ഛത്തീസ്ഗഢും അസമും അടക്കം ഏകദേശം 12 സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ അല്ലെങ്കിൽ നക്സലൈറ്റുകളുടെ സജീവസാന്നിദ്ധ്യമുണ്ട്. 7000 ചതുരശ്ര മൈല്‍ വിസ്തീര്‍ണത്തിലും 60 ഓളം ജില്ലകളിലുമായി മാവോയിസ്റ്റ് അവരുടേതായ ഭരണം നടത്തുന്നുണ്ട്.
എന്തുകൊണ്ട് ഛത്തീസ്‌ഗഢ് ?
നക്‌സലിസം തുടങ്ങിയത് ബംഗാളിൽ നിന്നാണെങ്കിലും പതുക്കെ അതിന്റെ അലയോലികൾ ആന്ധ്രയിലേക്ക് നീങ്ങിയെന്ന് ഛത്തീസ്ഗഢ് ഡി.ജി.പിയും നക്‌സൽ വിരുദ്ധ ഓപ്പറേഷൻ തലവനുമായ ഡി.എം.അവസ്ഥി പറയുന്നു.അതുകൊണ്ടാണത്രേ നക്‌സൽ നേതാക്കളിൽ അധികവും തെലുങ്ക് സംസാരിക്കുന്നത്. ഛത്തീസ്ഗഢ് മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നപ്പോൾ ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിട്ടിരുന്ന മദ്ധ്യപ്രദേശ് ഗ്രാമമായിരുന്നു ബസ്തർ. അതുകൊണ്ട് തന്നെ ആന്ധ്രയിൽ നക്‌സൽ വിരുദ്ധ സ്‌ക്വാഡുകളുടെ പ്രവർത്തനം സജീവമാകുമ്പോൾ മാവോയിസ്റ്റുകൾ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ കാടുകളിലേക്ക് ചേക്കേറും. 2000 ൽ ഛത്തീസ്ഗഢ് സംസ്ഥാനം രൂപപ്പെട്ടതോടെ ബസ്തറും ഛത്തീസ്ഗഢും മാവോയിസ്റ്റുകളുടെ മേഖലകളായി മാറി. കാരണം കാടും ആദിവാസി ജനങ്ങളുമായിരുന്നു.
ദരിദ്രരായ ആദിവാസികൾക്ക് കാടിനുള്ളിൽ പലപ്പോഴും സർക്കാരിന്റെ സഹായങ്ങൾ എത്തിയിരുന്നില്ല. അവർ കാണുന്ന സർക്കാർ എന്നത് അവരുടെ സ്ത്രീകളേയും പെൺകുട്ടികളെയും ഉപദ്രവിക്കാനെത്തുന്ന പൊലീസോ, കാടും കാട്ടുവിഭവങ്ങളും കൊള്ളയടിക്കാനെത്തുന്ന ഫോറസ്റ്റ് ഓഫീസർമാരോ ഒക്കെയാണ്. ഈ ദരിദ്രാവസ്ഥ മുതലെടുത്ത നക്‌സലുകൾ ഗ്രാമങ്ങൾക്കും ഗ്രാമീണർക്കും സംരക്ഷണമൊരുക്കി. തോക്കേന്തി യുദ്ധത്തിനായി നീങ്ങാൻ ഒരു സാധാരണക്കാരനും ആഗ്രഹിക്കുന്നില്ല. സർക്കാർ ഏജൻസികളുടെ സഹായം ജനങ്ങളിൽ എത്താത്തതിനാൽ മാത്രമാണ് അവർ മാവോയിസ്റ്റുകളിൽ വിശ്വാസം അർപ്പിക്കുന്നതെന്നും അവസ്ഥി പറയുന്നു. 2016ൽ 10,000 മാവോയിസ്റ്റുകൾ ഛത്തീസ്ഗഢിലുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ 2019തോടെ 1,000 കോഡറുകളും 5,000 സഹായികളുമായി ഇത് മാറി. പിന്നാക്ക വിഭാഗക്കാർക്കിടയിലും ഗ്രാമീണ മേഖലകളിലും വികസനമെത്തിക്കാൻ ഇനിയും സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. അധികാരികൾ ഒരു സഹായവും ചെയ്യാതാകുമ്പോൾ ആളുകൾ നക്‌സലിസത്തിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം ഭൂപരിഷ്‌ക്കരണം നടപ്പാക്കുക, ഗ്രാമീണ പ്രദേശങ്ങളിൽ നിലനിന്നുപോരുന്ന ഫ്യൂഡൽ വ്യവസ്ഥിതി അവസാനിപ്പിക്കുക, നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയവർക്ക് എതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക തുടങ്ങി നക്‌സലിസത്തിന് തടയിടാൻ ഒട്ടേറെ മാർഗങ്ങൾ ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസിഡർ ഡേവിഡ് മുൾഫോർഡ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നക്‌സലിസം നിലവിലെ സ്ഥിതിയിൽ തുടരുമെന്നും മുൾഫോർഡ് വ്യക്തമാക്കിയിരുന്നു.
തൊട്ടാൽ ചോരചീറ്റുന്ന അബുജ്‌മാർ
തെക്കൻ ഛത്തീസ്ഗഢിൽ നാരായണപൂർ, ബിലാസ്പൂർ, ദണ്ഡേവാഡ, തെക്കൻ സുഖ്‌മ ജില്ല ( കോണ്ട ) എന്നീ ജില്ലകളിലായി 4,000 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ പരന്നുകിടക്കുന്ന വനപ്രദേശമാണ് അബുജ്മാർ. 2003 മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നക്സൽ സാന്നിദ്ധ്യമുണ്ടെന്ന് പറയപ്പെടുന്ന ഇടമാണിവിടം. 237 ഗ്രാമങ്ങളിലായി ഗോണ്ട, മൗര്യ, അബുജ് മരിയ, ഹൽബാസ് തുടങ്ങി ആദിവാസി വിഭാഗങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് അധിവസിക്കുന്നത്. നക്സൽ - മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചെങ്കോട്ടയായി അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തേക്ക് 1980 ന് ശേഷം ഗ്രാമീണരല്ലാത്ത പൊതുജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. 2009 ലാണ് സർക്കാർ നിയന്ത്രണങ്ങൾ നീക്കിയത്.
എങ്കിലും മാവോയിസ്റ്റ് ഭീഷണി ഉഗ്രസ്ഥായിയിലുള്ള ഈ ഉൾനാടൻ വനപ്രദേശം സർക്കാർ ഏജൻസികൾ മറന്ന മട്ടാണ്. റവന്യൂ രേഖകളിൽ പോലും ഈ സ്ഥലമില്ല. ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ വീടുകൾക്ക് പട്ടയമില്ല. നല്ലത് പോയിട്ട് ചീത്തയായി പോലും റോഡുകളില്ല, ആശുപത്രിയ്ക്ക് പോകാൻ കാട്ടുവഴിയിലൂടെ രണ്ട് ദിവസം കിലോമീറ്ററോളം കാടിറങ്ങണം. ആഴ്ചയിലൊരിക്കൽ ഓർച്ചയിലെ ബ്ലാക്ക് ഹെഡ്കോട്ടഴ്സിൽ ഒരു ഡോക്ടർ എത്താറുണ്ട്. മാവോയിസ്റ്റ് - പൊലീസ് സംഘർഷത്തിൽ പ്രദേശത്തെ അൻപതോളം സ്കൂളുകൾ തകർക്കപ്പെട്ടിട്ടുണ്ടെന്ന് വയർ റിപ്പോർട്ട് ചെയ്യുന്നു. മുറുംവാഡ, ബൊട്ടാർ എന്നിവിടങ്ങളിൽ മാവോയിസ്റ്റുകൾ നടത്തുന്ന സ്കൂളുകളുണ്ട്.
നിരന്തരം മാവോയിസ്റ്റ് - നക്സൽ വിരുദ്ധ സ്കോഡ് സംഘർഷം നടക്കാറുള്ളതിനാൽ ജനങ്ങൾ വീടുപേക്ഷിച്ച് ഗ്രാമങ്ങൾക്ക് പുറത്തേക്ക് പലായനം ചെയ്യുക പതിവാണ്. അതിന് പോലും ഗതിയില്ലാത്ത 40,000 ത്തോളം പേർ ഈ ഗ്രാമങ്ങളിൽ പട്ടിണിയോട് മല്ലിടുന്നു.
ജനപ്രതിനിധികൾ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. ഛത്തീസ്ഗഢ് പൊലീസിന്റെയും ഐ.ടി.ബി.പിയുടെയും ക്യാമ്പുകളും അങ്ങിങ്ങായി പ്രവർത്തിക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ നിർദ്ദേശത്തോടെ അധികാരത്തിലെത്തുന്ന ഗ്രാമമുഖ്യന്മാരാണ് ഭരണം കൈയാളുന്നത്. നക്സലുകളുടെ സമ്മതമില്ലാതെ ഏത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും കൊല്ലപ്പെടുമെന്ന് ഗ്രാമീണർ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷം പിന്നിട്ടിട്ടും സമ്മതിദാന അവകാശം വിനിയോഗിക്കാൻ അബുജ്‌മാറിലെ ജനങ്ങൾക്ക് ഒരിക്കൽപ്പോലും ഭാഗ്യമുണ്ടായിട്ടില്ല. ഇതുതന്നെയാണ് നക്സലുകൾ കൈയാളുന്ന ഛത്തീസ്ഗഢിലെ എല്ലാ ഗ്രാമങ്ങളുടെയും അവസ്ഥ.
വിപ്ലവം തുടച്ച് മാറ്റിയ ജീവനുകൾ
നിരന്തരം നക്സൽ - നക്സൽവിരുദ്ധ സേന എന്നിവരുടെ ഏറ്റുമുട്ടലുകൾ നടത്തുന്ന ഛത്തീസ്‌ഗഢിൽ മരണസംഖ്യ ഉയരുമ്പോഴാണ് സംഘട്ടനം വാർത്തയാകുന്നത്. കണക്കുകൾ പരിശോധിച്ചാൽ 2017ൽ 185 തവണ ഇരുകൂട്ടരും വെടിയുതിർത്തു. 2018ൽ 151, 2019 ൽ 105, 2020 ൽ അത് 105 തവണയായി. ഇത്തരം ആക്രമണങ്ങളിൽ 2017ൽ കൊല്ലപ്പെട്ടത് 69 മാവോയിസ്റ്റുകളാണ്. 2018ൽ 112, 2019ൽ 65, 2020ൽ 40 ഇത്രയും പേർ മരണത്തിന് കീഴടങ്ങി. 2017ൽ 59 സേനാ അംഗങ്ങളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2018 ൽ 56, 2019 ൽ 21, 2020 ൽ 36 പേരും വീരമൃത്യു വരിച്ചു. ഈ ആക്രമണങ്ങൾക്കിടയിൽ സാധാരണ ജനങ്ങൾക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. 2017ൽ 50 പേരും 2018 ൽ 79, 2019 ൽ 46, 2020ൽ 44പേരും മരിച്ചു. വിപ്ലവത്തിന്റെ പാത വിട്ട് സമാധാനത്തിന്റെ പാതയിലേക്ക് തിരികെ മടങ്ങിയ മാവോയിസ്റ്റുകളും ചില്ലറയല്ല. 2017ൽ 368 പേർ കീഴടങ്ങി. 2018 ൽ 464, 2019 ൽ 310, 2020 ൽ 339 പേരും സേനയ്ക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങിയിട്ടുണ്ട്.