ന്യൂഡൽഹി: പതിനെട്ടു വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഭരണഘടന നൽകുന്നുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദുർമന്ത്രവാദം, ആഭിചാരക്രിയകൾ എന്നിവ വഴിയും പിന്നാക്ക സമുദായങ്ങളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സമ്മാനങ്ങളും മറ്റും നൽകിയുമുള്ള മതപരിവർത്തനം തടയാൻ നിയമനിർമ്മാണത്തിന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
18 വയസു കഴിഞ്ഞവർക്ക് ഇഷ്ടമതം സ്വീകരിക്കാനുള്ള അവകാശത്തിനു തടയിടുന്നത് എന്തിനെന്നു മനസിലാകുന്നില്ല. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയതിന് കൃത്യമായ കാരണവുമുണ്ട്. പ്രശസ്തിക്കായി മാത്രം സമർപ്പിക്കുന്ന ഇത്തരം ഹർജികൾക്ക് ഇനി മേൽ പിഴയീടാക്കും- ജസ്റ്റിസ് നരിമാൻ വാക്കാൽ നിരീക്ഷിച്ചു.
കോടതി വിമർശിച്ചതോടെ ഹർജി പിൻവലിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചു. ഹർജി തള്ളിയ സാഹചര്യത്തിൽ ഇതേ ആവശ്യവുമായി കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കുമെന്ന് അശ്വിനി ഉപാദ്ധ്യായ പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം.