-enricalexie-

ന്യൂഡൽഹി: നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒമ്പത് വർഷം മുമ്പ് ഇറ്റാലിയൻ നാവികർ വെടിവച്ച് കൊലപ്പെടുത്തിയ കേസ് അവസാനിപ്പിക്കണമെങ്കിൽ , കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട നഷ്ട പരിഹാരത്തുക ഇറ്റലി കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി . നാവികർക്കെതിരായ നടപടികൾ എത്രയും വേഗം തീർക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച അപേക്ഷിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.

അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നി‌ർദ്ദേശിച്ച ബാങ്ക് അക്കൗണ്ടിൽ ഇറ്റലി നിക്ഷേപിക്കണം.പണം ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ കെട്ടിവയ്ക്കണം .എന്നാൽ നാവികർക്ക് എതിരായ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇതാണ് തങ്ങളുടെ നിലപാടെന്ന് കേരളവും കോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയതായും അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ .ജോസ് കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്കയച്ച കത്ത് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയിൽ ഹാജരാക്കി. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇത് ശരിവച്ചു.

കോടതി നിർദേശത്തോട് ഇറ്റാലിയൻ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൊഹൈൽ ദത്തയും അനുകൂലമായി പ്രതികരിച്ചു.ഉടൻ ഇത് സംബന്ധിച്ച നടപടി പൂ‌ർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന പത്ത് കോടി നഷ്ടപരിഹാരം.ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടിയും നഷ്ടപരിഹാരമായി ലഭിക്കും. അതേ സമയം വെടിവയ്പ്പ് സമയത്ത് സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തുകയിൽ നിന്ന് വിഹിതം ലഭിക്കുമോയെന്നത് വ്യക്തമല്ല.

2012 ഫെബ്രുവരി 15നാണ് കടൽക്കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഇറ്റാലിയൻ കപ്പലായ എൻറിക്ക ലക്സിക്കയിലെ നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നിവരാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നത്.