
 ഒരാളുടെ ജാമ്യം മാത്രം റദ്ദാക്കിയതെന്തെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ ത്വാഹാ ഫസൽ സമർപ്പിച്ച ഹർജിയിൽ എതിർ കക്ഷിയായ എൻ.ഐ.എയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ നവീൻ സിൻഹ, അജയ് രസ്‌തോഗി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിശദമായ വിധി പ്രസ്താവമാണ് വിചാരണക്കോടതി പുറപ്പെടുവിച്ചതെന്നും ഇതിൽ ഒരാളുടെ ജാമ്യം മാത്രം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് നോട്ടീസ് അയയ്ക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കാത്തത് ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണെന്ന് എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയെ അറിയിച്ചു. അലന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകണമെന്ന് എൻ.ഐ.എക്ക് നിയമോപദേശം നൽകിയിട്ടുണ്ടെന്നും രാജു വ്യക്തമാക്കി.
ത്വാഹയ്ക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ് ഹാജരായത്. താൻ മാവോയിസ്റ്റ് പ്രചാരകനല്ലെന്നും രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും മാദ്ധ്യമ വിദ്യാർത്ഥി എന്ന നിലയിൽ മാവോയിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുന്നത് തെറ്റല്ലെന്നുമാണ് ത്വാഹയുടെ വാദം.