cb

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെങ്കിലും, മേയിൽ തുടങ്ങാനിരിക്കുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ സ്കൂളുകളിൽ തന്നെ നിശ്ചയിച്ച തീയതികളിൽ നടത്തുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. വിദ്യാർത്ഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഇന്ത്യയ്ക്കകത്തും പുറത്തുമായി 2,500 പരീക്ഷ കേന്ദ്രങ്ങൾ കൂടി സജ്ജീകരിക്കും. 7500 പരീക്ഷ കേന്ദ്രങ്ങളിലായി 3,40,000 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.

പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഒപ്പിട്ട ഓൺലൈൻ അപേക്ഷ കേന്ദ്ര സർക്കാറിന് സമർപ്പിച്ചെങ്കിലും ,കേന്ദ്രം നിരാകരിച്ചു.കൊവിഡ് പോസിറ്റീവ് ആകുകയോ മാതാപിതാക്കളടക്കം വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് വൈറസ് ബാധ ഏൽക്കുകയോ ചെയ്താൽ പ്രാക്ടിക്കൽ എഴുതാൻ കഴിയാതെ വരുന്നവർക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് ബോർഡ് സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.പരീക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് ഇ - പരീക്ഷ എന്ന ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ തവണ ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.അസെസ്‌മെന്റ് സ്‌കീമിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്.

വിമർശിച്ച് പ്രിയങ്ക
കൊവിഡ് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തുന്നതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി.

'' കൊവിഡ് രാജ്യത്തെ വീണ്ടും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, പരീക്ഷകളുടെ അധിക സമ്മർദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഹാജരാക്കുന്നത് സി.ബി.എസ്.ഇ പോലുള്ള ബോർഡുകളുടെ നിരുത്തരവാദിത്വമാണ്. പരീക്ഷകൾ റദ്ദാക്കുകയോ, പുന:ക്രമീകരിക്കുകയോ ചെയ്യണം '' -പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.