ന്യൂഡൽഹി: കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രത്തിന്റെ കൊവിഡ് വാക്സിൻ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ നൽകണമെന്നും വാക്സിൻ ക്ഷാമത്തിനിടെയുള്ള കയറ്റുമതി അടിയന്തരമായി നിറുത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ കത്തയച്ചു.
കേന്ദ്രത്തിന്റെ മറ്റ്പല തീരുമാനങ്ങളെയും പോലെ
അവധാനതയില്ലാതെയെടുത്ത തീരുമാനമാണോ വാക്സിൻ കയറ്റുമതിയെന്നും അതോ സ്വന്തം പൗരൻമാരുടെ ചെലവിൽ പബ്ലിസിറ്റി നേടാനുള്ള നടപടിയാണോയെന്നും രാഹുൽ ചോദിച്ചു.
രാജ്യത്ത് വാക്‌സിൻ ലഭ്യത കുറഞ്ഞിരിക്കെ ആറ് കോടിയിലേറെ വാക്‌സിൻ ഡോസുകളാണ് ഇന്ത്യ കയറ്റിയച്ചത്. എന്തിനാണ് വൻതോതിൽ വാക്‌സിൻ കയറ്റുമതി ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.
രാജ്യത്തിന്റെ വാക്സിനേഷൻ ഒച്ചിഴയും വേഗത്തിലാണ്. മൂന്നുമാസമായിട്ടും ഒരു ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് കുത്തിവയ്പെടുത്തത്. വലിയ ജനസംഖ്യയുള്ള മറ്റുരാജ്യങ്ങൾ ഇതിനേക്കാൾ കൂടുതൽപ്പേർക്ക് നൽകി. ഇക്കണക്കിന്പോയാൽ രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനത്തിന് വാക്‌സിൻ കുത്തിവയ്ക്കാൻ വർഷങ്ങൾ വേണ്ടിവരും. ഇത് മഹാവിപത്തിനിടയാക്കും.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പതിക്കുന്നതിനെയും രാഹുൽ വിമർശിച്ചു.
ഒരു വ്യക്തിയുടെ ചിത്രമുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നതിൽ നിന്ന് പരമാവധി പേർക്ക് വാക്‌സിൻ നൽകുക എന്നതിലേക്ക് വാക്സിൻ പദ്ധതി മുന്നോട്ടുപോകണമെന്നും രാഹുൽ വ്യക്തമാക്കി.
രാഹുലിന്റെ നിർദ്ദേശങ്ങൾ
മാനദണ്ഡങ്ങൾ പാലിച്ച് മറ്റു വാക്സിനുകൾക്ക് അനുമതി നൽകുന്നത് വേഗത്തിലാക്കണം.
വാക്സിൻ നിർമ്മാണം കൂട്ടാൻ നിർമ്മാതാക്കൾക്ക് ആവശ്യമായ സഹായം നൽകണം.
വാക്സിൻ വാങ്ങാനായി വകയിരുത്തിയ തുക ഇരട്ടിയായി വർദ്ധിപ്പിക്കുക.
വാക്‌സിൻ സംഭരിക്കുന്നതിലും വിതരണത്തിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുക.