congress

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പൊതു ഖജനാവിന് 21,075 കോടി രൂപ നഷ്‌ടം സംഭവിച്ചെന്ന ആരോപണത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇടനിലക്കാരൻ വഴി പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ റാഫേൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന് ലഭിച്ചെന്ന പുതിയ വെളിപ്പെടുത്തലലിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ് നീക്കം.

36 വിമാനങ്ങൾക്ക് കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി സംഘം 2015 ആഗസ്റ്റിൽ നിശ്ചയിച്ചതിനെക്കാൾ 21,075 കോടി രൂപ കുറച്ചാണ് പിന്നീട് ദസോ ഏവിയേഷനുമായി കരാറുണ്ടാക്കിയത്.

ഇന്ത്യൻ സംഘം നിശ്ചയിച്ചിരുന്ന വില സംബന്ധിച്ച സൂചനകൾ ഇടനിലക്കാരൻ വഴി ദസോ കമ്പനിക്ക് ലഭിച്ചെന്ന വെളിപ്പെടുത്തൽ ഗൗരവകരമാണ്. ഇതുവഴി പൊതുഖജനാവിനുണ്ടായ നഷ്‌ടം അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രേഖകൾ ചോർത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണം. പ്രതിരോധ ഇടപാടുകളിൽ കമ്മിഷനോ, ഇടനിലക്കാരോ, സ്വാധീനമോ പാടില്ലെന്ന അഴിമതി വിരുദ്ധ ചട്ടം റാഫേൽ വിമാന കരാറിൽ ഒഴിവാക്കപ്പെട്ടത് എങ്ങനെയാണ്. 2014ൽ ദസോ നിയമിച്ച ഇടനിലക്കാരൻ മോദി സർക്കാരിലെ ഉന്നതരുമായി ചർച്ച നടത്തിയതിന് ശേഷമാണ് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഇക്കാലത്ത് പ്രതിരോധ മന്ത്രിയെ മാറ്റിയതും എച്ച്.എ.എല്ലിന് പകരം സ്വകാര്യ കമ്പനിയെ ഓഫ്സെറ്റ് പാർട്ണർ ആയി കൊണ്ടുവരാൻ തീരുമാനിച്ചതും ദുരൂഹമാണെന്നും സുർജെവാല ആരോപിച്ചു.