assam-

ന്യൂഡൽഹി: അസാമിൽ കോൺഗ്രസിന്റെയും സംഖ്യകക്ഷിയായ എ.ഐ.യു.ഡി.എഫിന്റെയും 22 സ്ഥാനാർത്ഥികളെ രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പൂരിലെ ഒരു റിസോർട്ടിലേക്ക് മാറ്റി. ഭൂരിപക്ഷം തികയ്‌ക്കാൻ ബി.ജെ.പി പ്രതിപക്ഷ എം.എൽ.എമാരെ സ്വാധീനിക്കാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടാണ് നീക്കം.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ റിസോർട്ടിൽ സ്ഥാനാർത്ഥികൾ സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തൽ.

അസാമിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും ബി.ജെ.പി കുതിരക്കച്ചവടം നടത്തി എം.എൽ.എമാരെ തട്ടിയെടുക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് നടപടിയെന്നും നേതാക്കൾ പറഞ്ഞു. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുന്ന കാലത്തോളം മുൻകരുതൽ ആവശ്യമാണ്. 20 സ്ഥാനാർത്ഥികളെയും കോൺഗ്രസ് ചെലവിൽ സംരക്ഷിക്കുമെന്ന് രാജസ്ഥാനിലെ പാർട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു. അസാമിൽ കോൺഗ്രസിൽ നിന്ന് ജയിക്കുന്നവർ പാർട്ടിയിൽ ഉറച്ചു നിൽക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.

126 അംഗ അസാം നിയമസഭയിൽ 100ന് മുകളിൽ ലക്ഷ്യമിട്ടെങ്കിലും 84ന് മുകളിൽ സീറ്റുകളിൽ വിജയിക്കുമെന്ന് ബി.ജെ.പി നേതാവ് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഭൂരിപക്ഷം തികച്ച് ഭരണം നിലനിറുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെയാണ് തങ്ങളുടെ സ്ഥാനാർത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് നീക്കാൻ മഹാസഖ്യം തീരുമാനിച്ചത്. 2016ൽ 60 സീറ്റു നേടിയ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ ബി.പി.എഫിന്റെയും(12) എ.ജി.പിയുടെയും (14) സഹായം ലഭിച്ചിരുന്നു. ബി.പി.എഫ് ഇക്കുറി മഹാമുന്നണിയിലാണ്.

 റിസോർട്ട് രാഷ്‌ട്രീയം

രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എം.എൽ.എമാരെ ഡൽഹിക്ക് സമീപം ഗുഡ്ഗാവിൽ റിസോർട്ടിൽ താമസിച്ചതിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപണമുണ്ടായിരുന്നു.

മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടതാണ് കമൽനാഥ് സർക്കാരിന്റെ പതനത്തിന് ഇടയാക്കിയത്. ബി.ജെ.പി വലയിലാക്കിയ കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. 2019ൽ ശിവസേന, കോൺഗ്രസ്, എൻ.സി.പി എം.എൽ.എമാരെ ഹോട്ടലിൽ പാർപ്പിച്ചതും ബി.ജെ.പിയെ ഭയന്നാണ്. 2018ൽ കർണാടകയിൽ ജെ.എസ്.എസ് - കോൺഗ്രസ് എം.എൽ.എമാരെയും റിസോർട്ടുകളിൽ പാർപ്പിച്ചിരുന്നു. എന്നാൽ 2019ൽ ബി.ജെ.പി അവരിൽ പലരെയും അടർത്തിയെടുത്ത് സർക്കാരുണ്ടാക്കി.