വാക്സിനെടുത്ത ഡോക്ടർമാർക്കും രോഗം
ഡൽഹിയിൽ സ്കൂളുകളും കോളേജുകളും അടച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമായി. എയിംസിലെ 20 ഡോക്ടർമാരും ആറ് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ 32 ആരോഗ്യപ്രവർത്തകർക്ക് ഒഴാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കും രോഗം പിടിപെട്ടു.
ഡൽഹിയിലെ മറ്റൊരു പ്രധാന ആശുപത്രിയായ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരാണ്. 32 പേർ ഹോം ഐസൊലേഷനിലും അഞ്ചുപേർ ആശുപത്രിയിലും ചികിത്സയിലാണ്.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഗംഗാറാം ആശുപത്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. പ്രതിദിന രോഗികൾ ഏഴായിരം കടന്ന ഡൽഹിയിൽ കഴിഞ്ഞ പത്തുദിവസം കൊണ്ട് രോഗ സ്ഥിരീകരണ നിരക്ക് 2.8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായാണ് കുതിച്ചുയർന്നത്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഡൽഹി സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. മറ്റ് ആരോഗ്യസേവനങ്ങൾ താത്കാലികമായി നിറുത്തി. ഡൽഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
1.31 ലക്ഷം പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള റെക്കാഡ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായ മൂന്നാംദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.
സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ മന്ത്രിമാരുടെ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മദ്ധ്യപ്രദേശ്, തമിഴ്നാട്, കേരളം, രാജസ്ഥാൻ, ഗുജറാത്ത് എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. പുതിയ രോഗികളുടെ 83.29 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 9,79,608 ആയി ഉയർന്നു. ഇതിൽ 73.24ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.
രാജ്യത്ത് ഇതുവരെ 1,19,13,292 പേർ രോഗമുക്തരായി. 91.22 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 61,899പേർ രോഗ മുക്തരായി. 780 പേർ മരിച്ചു.