ന്യൂഡൽഹി: വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി കൂടുതൽ ജില്ലകളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ മഹാരാഷ്ട്ര ഇന്നലെ അടച്ചുപൂട്ടി. മുംബയിലെ 120 വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ 51 എണ്ണം അടച്ചു. പിംപ്രി– ചിൻവാഡിൽ ആകെയുള്ള 80 കേന്ദ്രങ്ങളും അടച്ചു. യവത്മാൽ, ചന്ദ്രപ്പുർ, ഗോണ്ടിയ, അമരാവതി എന്നിവിടങ്ങളിലും വാക്‌സിൻ വിതരണം നിറുത്തി. അതേസമയം വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും അഞ്ചര ദിവസത്തേക്കുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നതെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം വരെയുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത് 11.14 കോടി ഡോസാണ്. ഇതിൽ 9.16 കോടി ഡോസ് കുത്തിവച്ചു. 1.97 കോടി ഡോസ് ശേഷിക്കുന്നുണ്ട്. നിലവിൽ 36 ലക്ഷം ഡോസ് ആണ് പ്രതിദിനം രാജ്യത്ത് കുത്തിവയ്ക്കുന്നത് എന്നതിനാൽ 5.5 ദിവസത്തേക്ക് മാത്രമാണ് ഇത് തികയുക. അതേസമയം 2.45 ലക്ഷം ഡോസുകൾ വിതരണഘട്ടത്തിലാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നതായും റിപ്പോർട്ട് പറയുന്നു.
കേരളത്തിൽ പ്രതിസന്ധിയില്ല
മഹാരാഷ്ട്രയിൽ 3 ദിവസത്തേക്കും യു.പിയിൽ 2 ദിവസത്തേക്കും ആന്ധ്രയിൽ ഒരു ദിവസത്തേക്കും, ബീഹാറിൽ ഒന്നര ദിവസത്തേക്കും ഉത്തരാഖണ്ഡിൽ 3 ദിവസത്തേക്കും ഒഡീഷയിൽ 4 ദിവസത്തേക്കുമുള്ള ഡോസുകൾ മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ
കേരളത്തിൽ 13ദിവസത്തേക്കുള്ള വാക്‌സിൻ ഡോസ് ശേഖരമുണ്ട്. ഇതിന് പുറമെ 22 ദിവസത്തേക്കുള്ള ഉടൻ എത്തും.