ചൈന - പാകിസ്ഥാൻ - റഷ്യ അച്ചുതണ്ട് രൂപപ്പെടുന്നത് ആകാംക്ഷയോടെയും ആശങ്കയോടെയും വേണം ഇന്ത്യ വീക്ഷിക്കാൻ. ചൈനയും പാകിസ്ഥാനും സുഖത്തിലും ദു:ഖത്തിലും ഒന്നിച്ച് നിൽക്കുന്ന സുഹൃത്തുക്കളാണ്. അവർക്കിടയിലേക്കാണ് ഇപ്പോൾ റഷ്യയും കടന്നുവരുന്നത്.
രാഷ്ട്രീയ ചിന്തകന്മാരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ചൈനയും റഷ്യയും തമ്മിലുള്ള സംഗമവും ഉടമ്പടികളും നടന്നത്. അതിന് പിന്നാലെ പാകിസ്ഥാനുമായി ആയുധ സഹകരണം അടക്കം തുടങ്ങാൻ റഷ്യ തയാറെടുക്കുന്നു. ഇതിന്റെ പിന്നിലുള്ള ചേതോവികാരം ചർച്ച ചെയ്യുമ്പോൾ എന്നും ശക്തമായ വിദേശനയം ഉയർത്തിപ്പിടിക്കാറുള്ള ഇന്ത്യയ്ക്ക് എവിടെ പിഴച്ചു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പൂർണമായും യു.എസിന്റെ അധീനതയിൽ നാം പെട്ടുപോയോ എന്ന സംശയം ഉയർന്നിരിക്കുന്നു.
റഷ്യയും ചൈനയും എന്തുകൊണ്ട് കൂടുതൽ അടുത്തു എന്ന് നോക്കാം. റഷ്യയ്ക്കറിയാം ചൈനയുടെ പ്രാധാന്യവും ശക്തിയും. ഉദാഹരണത്തിന് റഷ്യയുടെതിനെക്കാൾ പത്തിരട്ടി വരും ചൈനയുടെ ജി.ഡി.പി. ശീതസമരം അവസാനിച്ചിടത്ത് ആരംഭിച്ച വ്യാവസായിക യുദ്ധത്തിൽ മുന്നിലുള്ള ചൈനയോടൊപ്പം റഷ്യ കൂടുന്നതിൽ അതിശയോക്തിയില്ല. യു.എസുമായി ഇക്കാര്യത്തിൽ പൊരുതി നിൽക്കാൻ റഷ്യയിലെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ കണക്കുകൂട്ടലിൽ തെറ്റു പറയാനില്ല. രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളാണ്. ചൈനയോട് ഒപ്പം നിന്നാൽ അന്താരാഷ്ട്രതലത്തിൽ ഗുണകരമാകുമെന്ന് അദ്ദേഹത്തിനറിയാം.
വിദേശകാര്യ നയത്തിലെ 'ബാലൻസ് ഓഫ് പവർ' അനുസരിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിൽ ഇന്ത്യയ്ക്ക് വീഴ്ച പറ്റി. ശക്തരായ ഒന്നിലധികം രാജ്യങ്ങൾ ചേർന്ന് രണ്ടു ചേരികളായി നിൽക്കുന്നതാണ് 'ബാലൻസ് ഓഫ് പവർ'. റഷ്യ-ചൈന സഖ്യത്തെ ബാലൻസ് ചെയ്യുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യ- യു.എസ് - ജപ്പാൻ -ആസ്ട്രേലിയ രാജ്യങ്ങളടങ്ങിയ ക്വാഡ് സഖ്യം ഇതിന് ബദലാണെന്ന് പറയാമെങ്കിലും പൂർണമായും നമുക്ക് ഗുണകരമാകില്ല.
ക്വാഡ് എന്നത് ചൈനയുടെ തേർവാഴ്ചയെ തടുക്കാൻ യു.എസ് രൂപം നൽകിയ നാല് ധ്രുവങ്ങളിൽ കിടക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഇതിൽ ആസ്ട്രേലിയ ഒരു കാരണവശാലും ഇന്ത്യയെ അംഗീകരിച്ചിട്ടില്ല. ഇന്ത്യക്കാർക്കെതിരെ ഏറ്റവും കൂടുതൽ വംശീയ അധിക്ഷേപം നടന്നിട്ടുള്ളത് ആസ്ട്രേലിയയിലാണ്. അവർ കാശ്മീർ വിഷയത്തിലും ചൈനയുമായുള്ള അതിർത്തി തർക്കത്തിലും ഇന്ത്യയെ സഹായിച്ചിട്ടില്ല. ക്വാഡിൽ ഇന്ത്യയുടെ താത്പര്യം ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ കടന്നുകയറ്റം നിയന്ത്രിക്കുക എന്നതാണ്. ദക്ഷിണ ചൈന സമുദ്രത്തിലെ വിഷയങ്ങളിലാണ് ആസ്ട്രേലിയയും ജപ്പാനും താത്പര്യം. ഇങ്ങനെ നാല് രാജ്യങ്ങൾ തമ്മിൽ വലിയ ആത്മാർത്ഥതയില്ലാത്ത ബന്ധമാണുള്ളത്. ക്വാഡ് എന്നത് പൊതുഅജണ്ട ഇല്ലാത്ത തട്ടിക്കൂട്ട് സംഘമാണെന്നും ഫലമുണ്ടാകാത്ത ചർച്ച നടത്തുന്ന ഒരു വേദിയാണെന്നും ചൈനീസ് മാദ്ധ്യമങ്ങൾ പരിഹസിക്കുന്നത് ഇതിനാലാണ്.
ക്വാഡ് സഖ്യത്തിലേക്ക് ഇന്ത്യ കൂടുതൽ സഹകരിക്കുകയും റഷ്യ അതിനോട് വിയോജിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഇന്ത്യ-റഷ്യ ഉച്ചകോടി റദ്ദാക്കേണ്ട നിർഭാഗ്യകരമായ സാഹചര്യവുമുണ്ടായി. റഷ്യ-ഇന്ത്യ ബന്ധമെന്നത് പ്രാധാന്യമുള്ളതും ആർക്കും അവഗണിക്കാൻ കഴിയാത്തതുമായ വിദേശകാര്യ ഉടമ്പടിയാണ്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു.
റഷ്യ-ഇന്ത്യ വാർഷിക ഉച്ചകോടി റദ്ദായതിന് കൊവിഡാണ് കാരണമായി പറയുന്നത്. എന്നാൽ വെർച്വൽ രീതിയിൽ അത് നടത്താമായിരുന്നു. റഷ്യയെ അവഗണിച്ച് യു.എസുമായി അടുക്കുന്നത് ഇന്ത്യയ്ക്ക് ഒരുതരത്തിലും ഭൂഷണമല്ല. 1965ലും 1975ലും ഇന്തോ-പാക് യുദ്ധത്തിൽ ആയുധങ്ങളും മറ്റും നൽകി റഷ്യ നമ്മളെ തുറന്ന് സഹായിച്ചിട്ടുണ്ട്. 1990ൽ ആണവ പരീക്ഷണം നടത്തിയപ്പോൾ അന്താരാഷ്ട്ര വേദികളിൽ പൂർണമായി പിന്തുണച്ചത് റഷ്യയാണ്. ഇന്ത്യയ്ക്ക് അതിനുള്ള അധികാരമുണ്ടെന്ന് റഷ്യ വാദിച്ചിരുന്നു. ചൈനയും പാകിസ്ഥാനും കാശ്മീർ വിഷയം ഉയർത്തിക്കൊണ്ടു വന്നപ്പോഴൊക്കെ യു.എന്നിൽ റഷ്യയുടെ വീറ്റോ അധികാരമാണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയതും.
അതേസമയം നമ്മുടെ എതിർചേരിക്ക് ആയുധങ്ങൾ നൽകിയത് യു.എസാണ്. ഒരിക്കലും പൂർണമായി വിശ്വസിക്കാൻ കഴിയാത്ത കൂട്ടരാണ് യു.എസ് എന്നത് ഇന്ത്യ മറക്കുന്നു. ഇന്ത്യയുമായുള്ള റഷ്യയുടെ സൗഹൃദത്തിന് ക്വാഡ് കൂട്ടായ്മ ഉലച്ചിൽ വരുത്തിയെന്നത് വസ്തുതയാണ്. വിദേശകാര്യ നയത്തിലെ ദീർഘവീക്ഷണമില്ലായ്മയാണ് പാക്-ചൈന-റഷ്യ അച്ചുതണ്ട് രൂപപ്പെടുന്നതിലേക്കും വഴി തെളിച്ചത്. അയൽപക്കത്ത് ഇങ്ങനെൊരു അച്ചുതണ്ട് രൂപം കൊള്ളുന്നത് തടയുന്നതിൽ നാം പരാജയപ്പെട്ടു. റഷ്യ- ചൈന - പാകിസ്ഥാൻ സഖ്യത്തിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാകുക പാകിസ്ഥാനാണ്. എല്ലാത്തരത്തിലും തകർന്നു കിടക്കുന്ന അവർക്ക് ഒരു തിരിച്ചുവരവിനും ഉണർവിനും സഖ്യം സഹായകമാണ്. പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ആടിയുലഞ്ഞ് നിൽക്കുന്ന പ്രധാനമന്ത്രി ഇമ്രാൻഖാന് ഒരു പിടിവള്ളിയാണ് പുതിയ ബാന്ധവം.
ചൈനമായുള്ള പാകിസ്ഥാന്റെ മധുവിധു കാലത്ത് റഷ്യയും ഇന്ത്യയും തമ്മിലുള്ള ഡിവോഴ്സ് സംഭവിച്ചെന്ന് പറയാം. അത് ഇന്ത്യയ്ക്ക് എത്രത്തോളം തലവേദനയാകുമെന്നതാണ് കണ്ടറിയേണ്ടത്.