bengal-election

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച്ബിഹാർ ജില്ലയിലെ സീതാൽ കുച്ചി നിയമസഭാ മണ്ഡലത്തിൽ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിന് നേരെ കേന്ദ്ര സേന നടത്തിയ വെടിവയ്‌പിൽ നാലു പേരും മറ്റൊരു സംഭവത്തിൽ 18 കാരനും മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഒരു ബൂത്തിൽ റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.

സീതാൽകുച്ചിയിലെ126-ാം നമ്പർ ബൂത്തിന് മുന്നിൽ രാവിലെ ഒരാൾ കുഴഞ്ഞു വീണതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്‌പിന് ഇടയാക്കിയത്. കേന്ദ്രസേന ഇയാളെ മർദ്ദിച്ചെന്ന പ്രചാരണത്തെ തുടർന്ന് അക്രമാസക്തരായ അരുപതോളം പേരെ നിയന്ത്രിക്കാൻ കമാൻഡർ ഇ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വെടിവച്ചു. തുടർന്ന് ആളുകൾ പിരിഞ്ഞുപോയെങ്കിലും ഒരു മണിക്കൂറിന് ശേഷം 200ഓളം പേരെത്തി സമീപത്തെ 186-ാം ബൂത്തിലേക്ക് തള്ളിക്കയറി പോളിംഗ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. സേനാംഗങ്ങളുടെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചവർക്കെതിരെ സ്വയരക്ഷാർത്ഥം വെടി വച്ചതിലാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് സി.ഐ.എസ്. എഫ് അറിയിച്ചു. സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി.

സീതാൽകുച്ചിയിലെ 285-ാം ബൂത്തിൽ കന്നി വോട്ടറായ ആനന്ദ് ബർമ്മനാണ് (18) മരിച്ച ഒരാൾ. തൃണമൂൽ-ബി.ജെ.പി ഏറ്റുമുട്ടലിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ഇയാൾ തങ്ങളുടെ പ്രവർത്തകനാണെന്ന് തൃണമൂലും ബി.ജെ.പിയും അവകാശപ്പെട്ടു. മൂന്നു പേർക്ക് പരിക്കുണ്ട്.

അഞ്ചുപേരുടെ മരണത്തിന് ബി.ജെ.പിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികളെന്ന് തൃണമൂൽ ആരോപിച്ചു. മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സന്ദർശിക്കും. വോട്ടു ചെയ്യാൻ ക്യൂവിൽ നിന്നവരെയാണ് സി.ആർ.പി.എഫ് വെടിവച്ചു കൊന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഗൂഢാലോചനയാണിതെന്നും മമത ആരോപിച്ചു.

ബി.ജെ.പിയുടെ ജന പിന്തുണയിൽ പരിഭ്രാന്തരമായ മമതാ ബാനർജിയുടെ ഗുണ്ടകൾ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അക്രമങ്ങൾ പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും അദ്ദേഹം ബംഗാളിൽ ഇന്നലെ നടന്ന റാലിയിൽ പറഞ്ഞു.

പ്രശാന്ത് കിഷോറിന്റെ ചാറ്റ് പുറത്തുവിട്ട് ബി.ജെ.പി

ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് തൃണമൂലിന്റെ പ്രചാരണ ചുമതലയുള്ള പ്രശാന്ത് കിഷോർ പറഞ്ഞത് വിവാദമായി. സമൂഹമാദ്ധ്യമത്തിൽ തൃണമൂലിന്റെ സർവേ വിവരങ്ങൾ പങ്കുവയ്‌ക്കവെയാണ് പ്രശാന്ത് ഇങ്ങനെ പറഞ്ഞത്. പ്രശാന്തിന്റെ ശബ്ദ സന്ദേശങ്ങൾ ബി.ജെ.പി ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. തന്റെ ചാറ്റിന്റെ ഒരു ഭാഗം മാത്രമാണതെന്നും മുഴുവൻ രൂപം പുറത്തു വിട്ടാൽ വസ്തുത വ്യക്തമാകുമെന്നും പ്രശാന്ത് പറഞ്ഞു. ബി.ജെ.പി 100 സീറ്റിൽ കൂടുതൽ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.