ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. വാക്സിൻ കയറ്റുമതി അനുവദിച്ച് കേന്ദ്ര സർക്കാർ രാജ്യത്ത് വാക്‌സിൻ ക്ഷാമമുണ്ടാക്കിയെന്ന് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തിൽ സോണിയ പറഞ്ഞു.
രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും യഥാർത്ഥ കണക്ക് മോദി സർക്കാർ പുറത്തുവിടണം. പരിശോധനയും സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തലും വാക്‌സിനേഷനും കൂട്ടാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയ നിർദ്ദേശിച്ചു. ഈ സംസ്ഥാനങ്ങളിലെ സാഹചര്യവും അവർ വിലയിരുത്തി. അഞ്ചുദിവസത്തേക്കുള്ളള വാക്‌സിൻ ശേഖരം മാത്രമേ കൈയിലുള്ളൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് യോഗത്തിൽ പറഞ്ഞു.
വാക്സിൻ കയറ്റുമതി ഉടൻ നിറുത്തിവയ്ക്കണമെന്നും രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ നൽകണമെന്നും കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയും കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. രാഹുൽഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.