ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതിനാൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ്താക്കറേയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. തീരുമാനം ഉടൻ പ്രഖ്യാപിക്കും. അതിനിടെ വാക്സിൻ ക്ഷാമത്തെ തുടർന്ന് മുംബയിൽ തിങ്കളാഴ്ച വരെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നിറുത്തിവച്ചു.
ഛത്തീസ്ഗഢിൽ മൂന്ന് ജില്ലകളിൽ കൂടി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത ആഴ്ച സർവകക്ഷിയോഗം നടത്തും. മദ്ധ്യപ്രദേശിലെ നഗരമേഖലകളിൽ വാരാന്ത്യ ലോക്ക്ഡൗൺ നടപ്പാക്കി തുടങ്ങി. അതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ രാഷ്ട്രീയ പാർട്ടികൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചു. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അവശേഷിക്കുന്ന ഘട്ടങ്ങളിൽ റാലികൾക്കും യോഗങ്ങൾക്കും അനുമതി നിഷേധിക്കുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി.