farmers-protest

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർഷകർ സമരം നിറുത്തിവയ്ക്കണമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടു. ക്രിയാത്മക നിർദ്ദേശവുമായി കർഷകർ എപ്പോൾ മുന്നോട്ടുവന്നാലും കേന്ദ്രം ചർച്ചയ്ക്ക് ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യവും ലോകവും ആകെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പിന്തുടരുകയാണ്. സമരത്തിലുള്ള കർഷകരും ഇത് പാലിക്കണം. കർഷകരുടെ ജീവൻ സർക്കാരിന് പ്രധാനപ്പെട്ടതാണ്. നിലവിലെ സാഹചര്യത്തിൽ സമരം നിറുത്തിവയ്ക്കാൻ തയാറാകണം. പുതിയ കാർഷിക നിയമങ്ങളോട് രാജ്യത്തെ കർഷകർക്ക് അതൃപ്തിയില്ല. പല കർഷക സംഘടനകളും നിയമങ്ങളെ അനുകൂലിച്ചിട്ടുണ്ട്. നിയമങ്ങൾ പെട്ടെന്ന് നടപ്പാക്കിയതല്ല. നീണ്ട കാലത്തെ ചർച്ചയ്ക്ക് ശേഷമാണ് രൂപപ്പെടുത്തിയത്. പതിനൊന്നു വട്ടം സർക്കാർ ചർച്ച നടത്തി. എന്നിട്ടും കർഷകർ സമരം അവസാനിപ്പിച്ചില്ല. ഒരു സമിതിയെ വയ്ക്കാമെന്നും ഒന്നരവർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്നും ഉറപ്പ് നൽകിയതാണ്. എന്നാൽ കർഷകർ ഇതും സ്വീകരിച്ചില്ല. ഡൽഹി അതിർത്തിയിലെ സമരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന വസ്തുത കർഷകർ തിരിച്ചറിയണമെന്നും തോമർ പറഞ്ഞു.