covid

പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു

ന്യൂഡൽഹി: ആശങ്ക വർദ്ധിപ്പിച്ച് രാജ്യത്ത് കൊവിഡ് അതിതീവ്രവ്യാപനം തുടരുന്നു. ആദ്യമായി രാജ്യത്ത് പ്രതിദിനരോഗികകളുടെ എണ്ണം ഒന്നര ലക്ഷം (1,52,879) പിന്നിട്ടു. 24 മണിക്കൂറിനിടെ 839 മരണങ്ങൾ. തുടർച്ചയായ ആറാംദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിന് മേൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ കേസുകൾ 1,33,58,805 ആയി. ആകെ മരണം 1,69,275. ഇതുവരെ 1,20,81,443 പേർ രോഗമുക്തി നേടി. നിലവിൽ 11,08,087 പേർചികിത്സയിലാണ്.

കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നതോടെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ആശുപത്രി സിസ്റ്റം അവതാളത്തിലായാൽ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ നിയന്ത്രണങ്ങൾ  പൊതുപരിപാടികൾ നിരോധിച്ചു.  വിവാഹ ചടങ്ങിൽ 50 പേർ മാത്രം, മരണാനന്തര ചടങ്ങിൽ 20 പേർ  പൊതുഗതാഗതം, റസ്റ്റോറന്റ്, ബാർ, തിയേറ്റർ എന്നിവിടങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50ശതമാനം.  മഹാരാഷ്ട്രയിൽ നിന്ന് വിമാനത്തിൽ വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധം.  സ്കൂളുകൾ, കോളേജുകൾ എന്നിവ അടച്ചു.  എല്ലാ നീന്തൽകുളങ്ങളും അടച്ചിടണം.  സ്റ്റേഡിയങ്ങളിൽ കായികമത്സരങ്ങൾ നടത്താം. പക്ഷേ,​ കാഴ്ചക്കാർ പാടില്ല  സർക്കാ‌ർ ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രം. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം.

ഉത്തർപ്രദേശ്

 മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാൺപൂർ, പ്രയാഗ്​രാജ്, ബറേലി ജില്ലകളിൽ രാത്രി കർഫ്യൂ.

 സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി.

 മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന്​ നിയന്ത്രണം.

 4000 ഐ.സി.യു കിടക്കകൾ സജ്ജീകരിച്ചു.

ഒഡിഷ

 അതിർത്തികൾ അടച്ചു, രാത്രികാല കർഫ്യൂ ശക്തമാക്കി.

 കമ്പോളങ്ങളിലും മാളുകളിലും നിയന്ത്രണം.

 മാസ്​ക്​ ധരിക്കാത്തതിനുള്ള പിഴ നിരക്ക് ഇരട്ടിയാക്കി. ആദ്യ രണ്ട് നിയമലംഘനങ്ങൾക്ക് 2,000 രൂപയും പിന്നീട് 5000രൂപയും പിഴ.

മദ്ധ്യപ്രദേശ്

 11 ജില്ലകളിൽ വാരാന്ത്യ ലോക്ക്ഡൗൺ.

 കമ്പോളങ്ങൾക്കും മാളുകൾക്കും ബാറുകൾക്കും നിയന്ത്രണം.

 സർക്കാർ ഓഫീസുകളിൽ ഹാജർനിലയിൽ നിയന്ത്രണം.

കർണാടക

രാത്രി 10 മുതൽ പുലർച്ചെ അഞ്ച്​ മണി വരെ ബംഗളൂരു അടക്കം ഏഴ്​ ജില്ലകളിൽ 10 ദിവസത്തെ നൈറ്റ്​ കർഫ്യൂ. 20 വരെ തുടരും