mamtha

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കൂച്ച്ബെഹാർ ജില്ലയിൽ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വെടിവയ്പിൽ അഞ്ചുപേർ മരിക്കാനിടയായ സംഭവം ആളിക്കത്തിച്ച് തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും.

തിരഞ്ഞെടുപ്പ് കമ്മിഷൻ കൂച്ച്ബെഹാറിൽ നേതാക്കൾക്ക് 72 മണിക്കൂർ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വീഡിയോകോളിലൂടെ ആശ്വസിപ്പിച്ചു.

17ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിനിടെ മമതയും അമിത് ഷായും പരസ്പരം പഴിചാരി.

കൂച്ച്ബെഹാറിൽ നടന്നത് വംശഹത്യയാണെന്നും തൃണമൂൽ വോട്ടർമാരെ ഇല്ലാതാക്കാണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസേന ആളുകളുടെ നെഞ്ചിലും തലയ്‌ക്കും വെടിയുതിർത്തതെന്നും മമത ബാനർജി സിലിഗുരിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. വെടിവയ്പ് അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവയ്‌ക്കണമെന്നും മമത ആവശ്യപ്പെട്ടു.

സി.ഐ.എസ്.എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പരിശീലനം ലഭിച്ചിട്ടില്ല. സംഘർഷമുണ്ടായാൽ ആദ്യം ലാത്തി, പിന്നെ കണ്ണീർ വാതകം, അതുകഴിഞ്ഞ് ജലപീരങ്കി എന്നിവ പ്രയോഗിക്കണമെന്നാണ് ചട്ടം. ഈ നിയമലംഘനം മറച്ചുവയ്‌ക്കാനാണ് താനടക്കമുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂച്ച്ബെഹാറിൽ വിലക്കേർപ്പെടുത്തിയത്. വിലക്ക് നീങ്ങിയ ശേഷം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും മമത പറഞ്ഞു.

കേന്ദ്രസേനയെ ഘരാവോ ചെയ്യാനുള്ള മമതയുടെ ആഹ്വാനമാണ് നാലുപേരുടെ മരണത്തിനിടയാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ ഇന്നലെ ബംഗാളിൽ പറഞ്ഞു. മറ്റൊരു സംഭവത്തിൽ ഒരു ബി.ജെ.പി പ്രവർത്തകൻ മരിച്ചതും മമത കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'മമത വെടിവയ്പും മരണവും രാഷ്‌ട്രീയവത്കരിക്കുകയാണ്. തന്റെ വോട്ടർ അല്ലാത്തതുകൊണ്ട് മരിച്ച അഞ്ചാമനെ മമത മനഃപൂർവ്വം മറക്കുകയാണ്. ബി.ജെ.പിക്ക് 200 സീറ്റ് വിജയം നൽകണമെന്നും തന്റെ രാജി ആവശ്യപ്പെടുന്ന മമതയ്‌ക്ക് മെയ് രണ്ടിന് വലിയ യാത്രയയപ്പ് നൽകണമെന്നും ' അമിത് ഷാ ബാസിർഹട്ടിലെ റാലിയിൽ പറഞ്ഞു.