ന്യൂഡൽഹി : കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രം കൂടുതൽ മരുന്ന് കമ്പനികൾക്ക് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകും.
റഷ്യയുടെ സ്‌പുട്‌നിക് 5 , ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്‌സ്, സൈഡസ് കാഡില, ഭാരത് ബയോടെക്ക് നാസികാ വാക്‌സിൻ എന്നീ അഞ്ച് വാക്‌സിനുകൾക്ക് ഈ വർഷം ഒക്ടോബറോടെ അനുമതി നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.ആദ്യം റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന് അനുമതി നൽകുമെന്നാണ് സൂചന. ഈ വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ ഡോ. റെഡ്‌ഢീസ് ലബോറട്ടറീസ്, ഹെറ്ററോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.
ക്ലിനിക്കൽ, പ്രീക്ലിനിക്കൽ ഘട്ടങ്ങളിൽ 20 ഓളം വാക്‌സിൻ കമ്പനികൾ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.സുരക്ഷയും ഫലപ്രാപ്തിയും പരിഗണിച്ചാകും അനുമതി നൽകുകയെന്നും സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ, സൈഡസ് കാഡില എന്നിവ ആഗസ്റ്റിലും സെപ്റ്റംബറോടെ നൊവാക്‌സും ഒക്ടോബറിൽ ഭാരത് ബയോടെക്കിന്റെ നാസികാ വാക്‌സിനും ലഭ്യമാകുമെന്നാണ് അറിയുന്നത്.