vaccine

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ വാക്സിനേഷനിലൂടെ നേരിടണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

'കൊവിഡിനെതിരായ നിർണായക പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ 14 വരെ. പോരാട്ടം ഫലപ്രദമാകാൻ എല്ലാ ജനങ്ങളും സഹകരിക്കണം. വാക്സിനെക്കുറിച്ച് അറിവുള്ളവർ, അറിവില്ലാത്തവരെ സഹായിക്കണം. ഒപ്പം രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധമുണ്ടാക്കണം.' അദ്ദേഹം ട്വീറ്റ് ചെയ്തു.

മോദിയുടെ നാല് നിർദ്ദേശങ്ങൾ

 സ്വയം വാക്‌സിനെടുക്കൂ, വാക്സിനെടുക്കാൻ പ്രോത്സാഹിപ്പിക്കൂ.

 കൊവിഡ് ബാധിതന് ചികിത്സ ഉറപ്പാക്കണം.

 കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വയം സുരക്ഷിതനാവുക, മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുക.

 മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപീകരിക്കുക.

10 കോടി പിന്നിട്ട് വാക്സിനേഷൻ

ലോകത്തിൽ ഏറ്റവും വേഗത്തിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. 85 ദിവസം കൊണ്ട് 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. 10 കോടി ഡോസ് വാക്‌സിൻ വിതരണത്തിനായി അമേരിക്കയ്ക്ക് 89 ദിവസങ്ങൾ വേണ്ടി വന്നു. ചൈന 102 ദിവസങ്ങളും എടുത്തു.

ജൂലായിൽ 25 കോടി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം

വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു

വാക്സിൻ ലഭിക്കാത്തതിനാൽ മഹാരാഷ്ട്രയിൽ ഇതുപതിലേറെ വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചു.

പഞ്ചാബിൽ ഇനി നാലുദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ് ശേഷിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. കേന്ദ്രം കൂടുതൽ വാക്‌സിൻ ഡോസ് അയച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ വാക്‌സിൻ ശേഖരം തീരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വാക്സിൻ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിട്ടുണ്ട്.