ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ, വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് മേയിൽ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ളാസ്, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാലിന് കത്തയച്ചു. ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ലക്ഷത്തിലധികമാണ്. മാസങ്ങളായി വിദ്യാർത്ഥികൾ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണെങ്കിലും രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിലാണ്. കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെയും രോഗഭീതിയിലാക്കുന്ന വിധത്തിലാണ് നിലവിലെ രോഗവ്യാപനം.
കൊവിഡ് മാനദണ്ഡങ്ങളും മുൻകരുതലും പാലിച്ചാലും പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനാകില്ല. അതിനാൽ വലിയ വിപത്തുകൾ ഒഴിവാക്കാൻ പരീക്ഷ റദ്ദാക്കണമെന്ന് പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു.