remdisivir

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്നിന്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്ത് ആവശ്യമായ സ്റ്റോക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. റെഡിസിവിർ ഇഞ്ചക്ഷൻ, റെംഡിസിവിർ ചേരുവകൾക്കാണ് കയറ്റുമതി നിരോധനം.

രാജ്യത്ത് ഏഴു കമ്പനികൾ വഴി പ്രതിമാസം 38.8 ലക്ഷം യൂണിറ്റ് റെംദിസിവിർ മരുന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ ഈ കമ്പനികൾ മരുന്ന് സ്റ്റോക്ക് ചെയ്യുന്നവരുടെയും വിതരണക്കാരുടെയും വിവരം തങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ ഡ്രഗ് ഇൻസ്‌പെക്ടർമാരും മറ്റ് ഓഫീസർമാരും സ്റ്റോക്ക് പരിശോധിച്ച് ഉറപ്പാക്കണം. ആഭ്യന്തര ഉൽപാദകരുമായി ഏകോപനം നടത്തി ആഭ്യന്തര ഉൽപാദനം നടത്താൻ ഫാർമസ്യൂട്ടിക്കൽ വകുപ്പിനും ആവശ്യമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകി.