maoist-

ന്യൂഡൽഹി/റായ്‌പൂർ: ഛത്തീസ്ഗഢിലെ ദന്തെവാഡയിലെ ഉൾവനത്തിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വെട്ടി ഹംഗയെ സുരക്ഷാ സേന വധിച്ചു. ഇയാളുടെ തലയ്ക്ക് സർക്കാർ ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ ഗദ്ദാം ജംഗാംപാൽ ഗ്രാമങ്ങൾക്കിടയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് നിന്ന് എട്ട് എം.എം പിസ്റ്റലുകൾ,​ ഒരു നാടൻ തോക്ക്, രണ്ട് കിലോ സ്ഫോടക വസ്‌തു, ബാഗ്, ലഘുലേഖകൾ, മരുന്ന് എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ബീജാപൂരിൽ നക്സൽ ആക്രമണം

ഛത്തീസ്ഗഡിലെ ബീജാപൂരിൽ നിർമ്മാണത്തിലിരിക്കുന്ന ജലശുചീകരണ പ്ളാന്റിന് നേർക്ക് നക്സൽ ആക്രമണം. രണ്ട് കോൺക്രീറ്റ് മിക്സിംഗ് യന്ത്രങ്ങളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ഒരു ട്രാക്‌‌ടറും നക്സലുകൾ തീയിട്ട് നശിപ്പിച്ചു.

ബീജാപൂർ നഗരത്തിലേക്ക് വെള്ളം കൊണ്ടുപോകാനായി മിങ്കാചൽ നദീ തീരത്ത് നിർമ്മിക്കുന്ന പ്ളാന്റിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.

12 അംഗ നക്സൽ സംഘം തൊഴിലാളികളോട് മാറാൻ ആവശ്യപ്പെട്ട ശേഷം സാധനങ്ങൾക്കും യന്ത്രങ്ങൾക്കും തീയിടുകയായിരുന്നു.