ന്യൂഡൽഹി: കേരളത്തിലേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി 2008ലെ ബംഗളൂരു ബോംബ് സ്ഫോടന കേസിലെ പ്രതി അബ്ദുൾ നാസർ മഅ്ദനി സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കുന്നതിൽനിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ പിൻമാറി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചിൽ ജസ്റ്റിസ് ബൊപ്പണ്ണയാണ് മറ്റൊരംഗം.
2003ൽ കോയമ്പത്തൂർ സ്ഫോടന കേസിൽ അഭിഭാഷകൻ എന്ന നിലയിൽ മഅ്ദനിക്ക് വേണ്ടി ഒന്നിൽ കൂടുതൽ തവണ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ ഇന്നലെ ഹർജി പരിഗണിച്ചയുടൻ പറഞ്ഞു. ഹർജി മറ്റൊരു ബെഞ്ചിലേക്ക് വിടാനും അടുത്തയാഴ്ച പരിഗണിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
മഅ്ദനിക്കായി അഭിഭാഷകരായ ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി.
2008ലെ സ്ഫോടനക്കേസിൽ 2010 ആഗസ്റ്റിലാണ് മഅ്ദനി അറസ്റ്റിലായത്. 2014ൽ ജാമ്യം അനുവദിച്ചെങ്കിലും ബംഗളൂരുവിന് പുറത്തുപോകാൻ അനുമതിയില്ല.
ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടകം സത്യവാങ്മൂലം സമർപ്പിച്ചു. ഭീകരവാദികളുടെ സഹായത്തോടെ വീണ്ടും ഭീകരവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും വിചാരണ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.