ins

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻവിടെക് എന്ന സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

''രാജ്യത്തിന്റെ അഭിമാനമായിരുന്ന കപ്പൽ പൊളിക്കരുതെന്നുള്ള ദേശീയ വികാരത്തിനൊപ്പമാണ് ഞങ്ങൾ. എന്നാൽ സമയം വൈകിപ്പോയി. കപ്പൽ ഇപ്പോൾ തന്നെ 40 ശതമാനത്തിലേറെ പൊളിച്ചു കഴിഞ്ഞു. സർക്കാർ തീരുമാനത്തിൽ ഇടപെടാനാകില്ല.'' - ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു.

നൂറുകോടി രൂപ നല്കി യുദ്ധക്കപ്പൽ ഏറ്റെടുത്ത് രൂപമാറ്റം വരുത്തി മ്യൂസിയമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നാണ് എൻവിടെക്ക് അറിയിച്ചത്. ഇത് പ്രതിരോധമന്ത്രാലയവും ബോംബെ ഹൈക്കോടതിയും നിരാകരിച്ചതിനെത്തുടർന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. 2017ൽ ഡീകമ്മിഷൻ ചെയ്ത ഐ.എൻ.എസ് വിരാട് കഴിഞ്ഞ വർഷം ലേലം നടത്തി 65 കോടി രൂപയ്ക്ക് ശ്രീറാം ഷിപ്പ് ബ്രേക്കേഴ്‌സിന് പ്രതിരോധ മന്ത്രാലയം വിൽക്കുകയായിരുന്നു. നിലവിൽ ഗുജറാത്തിലെ അലാങ്കിൽ പൊളിക്കാനുള്ള നടപടികൾ കാത്ത് കിടപ്പാണ് വിരാട്. 1987ൽ യു.കെയിൽ നിന്നും ഇന്ത്യ വാങ്ങിയ കപ്പലിന് 65 വർഷത്തെ പഴക്കമുണ്ട്.