ബംഗാളിൽ മമത 'ക്ളീൻ ബൗൾഡ്' ആയെന്ന് മോദി
ന്യൂഡൽഹി: മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്ക് 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി. ഇന്നലെ രാത്രി എട്ടു മണി മുതൽ ഇന്ന് രാത്രി എട്ടുമണിവരെയാണ് വിലക്ക്. കൂച്ച് ബെഹാറിൽ മുസ്ളീം വോട്ടർമാരോട് വോട്ട് ഭിന്നിക്കാതെ ഒന്നിക്കാൻ ആവശ്യപ്പെട്ടതും കേന്ദ്രസേനയ്‌ക്കെതിരെ ജനങ്ങളോട് സംഘടിക്കാൻ ആഹ്വാനം ചെയ്‌തും ചൂണ്ടിക്കാട്ടി ബി.ജെ.പി നൽകിയ പരാതിയിലാണ് നടപടി. ബംഗാളിൽ 17ന് അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ വിലക്ക് മമതയ്ക്ക് പ്രഹരമായി.
ബംഗാളിൽ മമത 'ക്ളീൻ ബൗൾഡ്' ആയെന്ന് മോദി
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾ പിന്നിട്ടപ്പോഴേക്കും ജനങ്ങൾ 'ബൗണ്ടറിയും സിക്സറും' അടിച്ച് ബി.ജെ.പിക്ക് 'സെഞ്ച്വറി (നൂറ്) സീറ്റ് ഉറപ്പാക്കിയെന്നും തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി നന്ദിഗ്രാമിൽ 'ക്ളീൻ ബൗൾഡ്' ആയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബർദ്ധമാനിൽ നടന്ന റാലിയിൽ പറഞ്ഞു.
ക്രിക്കറ്റ് പദങ്ങളുപയോഗിച്ചും മമതയെ കളിയാക്കി 'ദീദി ഓ ദീദി' എന്ന് ഈണത്തിൽ വിളിച്ചുമായിരുന്നു മോദിയുടെ പ്രസംഗം.
കളി പകുതി കഴിഞ്ഞപ്പോഴേക്കും (എട്ട് ഘട്ടങ്ങളിൽ നാല്) തൃണമൂൽ പൂർണമായും തുടച്ചു നീക്കപ്പെട്ടു. ബംഗാളിലെ ജനങ്ങൾ ദീദിയെ അവർ മത്സരിച്ച നന്ദിഗ്രാമിൽ ക്ളീൻ ബൗൾഡാക്കി. മുഴുവൻ തൃണമൂൽ ടീമും പുറത്തു പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരിക്കൽ അധികാരത്തിൽ നിന്ന് പുറത്തായ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും തിരിച്ചുവരാൻ കഴിയാത്ത അതേ അവസ്ഥ ദീദിക്കും സംഭവിക്കും. തോൽവി ഉറപ്പായതോടെ മമതയുടെ കോപവും വിദ്വേഷവും ക്ഷോഭവും കൂടി വരികയാണ്. മമതയ്ക്ക് തന്നോടുള്ള ദേഷ്യമുണ്ടെങ്കിൽ തുറന്ന് ആക്രമിച്ചോളാനും മോദി പറഞ്ഞു.
തൃണമൂലിന്റെ മാ, മതി, മാനുഷ് (മാതാവ്, മാതൃഭൂമി, ജനം) മുദ്രാവാക്യത്തെ കളിയാക്കിയ മോദി തൃണമൂൽ പാർട്ടി യാഥാർത്ഥത്തിൽ മാതാവിനെ പീഡിപ്പിക്കുകയും മാതൃഭൂമിയെ കൊള്ളയടിക്കുകയും ജനത്തെ ചോരയിൽ കുളിപ്പിക്കുന്നവരുമാണെന്ന് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 17ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സിലിഗുരി മേഖലയിൽ ഇന്നലെ റോഡ് ഷോ നടത്തി.