ന്യൂഡൽഹി: ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരനായ അശ്വനി ഉപാദ്ധ്യായയോട് കേന്ദ്ര സർക്കാരിനെയോ നിയമ കമ്മീഷനെയോ സമീപിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. സുബ്രമണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ജൂഡീഷ്യറിയുടെ വിരമിക്കൽ പ്രായം ഏകീകരിക്കാൻ ജുഡീഷ്യറിയോട് തന്നെ എങ്ങനെ ആവശ്യപ്പെടാനാകുമെന്ന് കോടതി ആരാഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരുടേതിന് സമാനമായി ഹൈക്കോടതി ജഡ്ജിമാരുടെ പ്രായം 62ൽ നിന്നും 65 ആയി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. വികസിത രാജ്യങ്ങളിൽ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 70- 80നും ഇടയിലാണെന്ന് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഹർജിക്കാരൻ വാദിച്ചിരുന്നു.