ന്യൂഡൽഹി: കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. അംബേദ്ക്കർ ജയന്തി ദിനത്തിൽ ഹരിയാനയിലെ സൊനിപ്പത്ത് ജില്ലയിലെ ബദോലി ഗ്രാമത്തിൽ അംബേദ്കർ പ്രതിമ അനാഛാദനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. എന്നാൽ മുഖ്യമന്ത്രിയെ ഗ്രാമത്തിൽ പ്രവേശിപ്പിക്കില്ലെന്ന് സർവ്വജാതി- സർവ്വഖാപ് പഞ്ചായത്ത് തീരുമാനമെടുത്തതായി കിസാൻ മോർച്ച വ്യക്തമാക്കി. അതേസമയം അംബദേക്കർ പ്രതിമ അനാഛാദനം ചെയ്യുന്നതിന് തങ്ങൾ എതിരല്ലെന്നും മുഖ്യമന്ത്രിയുടെ സന്ദർശനത്തെയാണ് എതിർക്കുന്നതെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. നാളെ അംബേദ്ക്കർ ജയന്തി ദിനം 'ഭരണഘടനാ സംരക്ഷണ' ദിനമായും 'കിസാൻ-- ബഹുജൻ' ഐക്യദിവസമായും ആചരിക്കുമെന്ന് അറിയിച്ചു.
ചർച്ചയ്ക്ക് തയാർ: ടിക്കായത്ത്
കേന്ദ്രസർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്ക് തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുക, താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം കൊണ്ടുവരിക എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കർഷകരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തയച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർഷകർ സമരം നിറുത്തിവയ്ക്കണമെന്നും ക്രിയാത്മക നിർദ്ദേശവുമായി കർഷകർ എപ്പോൾ മുന്നോട്ടുവന്നാലും കേന്ദ്രം ചർച്ചയ്ക്ക് ഒരുക്കമാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.