ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാസീറ്റുകളിലേക്ക് ഏപ്രിൽ 30 ന് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും. മേയ് രണ്ടിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഇന്നലെ
പുറപ്പെടുവിച്ച വിധിയെ തുടർന്നാണ് തീരുമാനം.
തിരഞ്ഞെടുപ്പിന് ഏപ്രിൽ 20 വരെ പത്രിക നൽകാം. 21ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള സമയം ഏപ്രിൽ 23 വരെ. ഏപ്രിൽ 30ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണൽ. രാജ്യസഭാംഗങ്ങളായ കോൺഗ്രസിലെ വയലാർ രവി, സി.പി.എമ്മിലെ കെ.കെ. രാഗേഷ്, മുസ്ലിം ലീഗിലെ പി.വി. അബ്‌ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21ന് പൂർത്തിയാകുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശയനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ
ഹർജികളിലാണ് മേയ് രണ്ടിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവായത്.