migrant-workers-kids-

ന്യൂഡൽഹി: രാജ്യത്തെ കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

കൊവിഡ് കാലത്ത് കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികൾ നേരിടുന്ന മൗലികാവകാശ ലംഘനങ്ങൾക്കെതിരെ ചൈൽഡ് റൈറ്റ്സ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന സമ‌ർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ,​ വി. സുബ്രമണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന നിർദ്ദേശം.

ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിൽ പോയവരുടെ കുട്ടികൾ,​ മാതാപിതാക്കൾ അന്യദേശത്തേക്ക് കൊണ്ടുവരുന്ന കുട്ടികൾ,​ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികളുടെ വിവരശേഖരണം നടത്തേണ്ടത്.

ഒപ്പം കുട്ടികളുടെ ആരോഗ്യം,​ സംരക്ഷണം,​ വിദ്യാഭ്യാസം എന്നിവയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും സമർപ്പിക്കണം.

കണക്കിൽപ്പെടാത്തവർ

കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെക്കുറിച്ച് കൃത്യമായ കണക്കുകൾ സർക്കാരിന്റെ പക്കലില്ല. 2011ലെ സെൻസിൽ 10.7 മില്യൺ കുട്ടികളുണ്ടെന്നാണ് കണക്ക്. ഈ കുട്ടികളിൽ ഭൂരിഭാഗവും സ്കൂളിൽ പോകാത്തതിനാലാണ് കൃത്യമായി കണക്കെടുക്കാൻ കഴിയാത്തത്.

ബീഹാർ, രാജസ്ഥാൻ,​ ഉത്ത‌ർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 12.82 മില്യൺ കുട്ടികളും സ്കൂൾ പ്രവേശനം നേടിയിട്ടില്ല. നേടിയവരിൽ 80 ശതമാനം പേരും സ്കൂളിൽ പോകുന്നുമില്ല.

ആന്ധ്രാപ്രദേശ്,​ ഗുജറാത്ത്,​ കർണാടക,​ മഹാരാഷ്ട്ര,​ മദ്ധ്യപ്രദേശ്,​ രാജസ്ഥാൻ,​ ഉത്തർപ്രദേശ്,​ പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ അ‌ഞ്ച് വർഷത്തിനിടെ 35.6 മില്യൺ കുട്ടികളാണ് സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞ് പോയത്. 18 സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം നടത്തിയ സർവേ പ്രകാരം സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കുന്ന കുട്ടികളിൽ 46.2 ശതമാനവും കുടിയേറ്റത്തൊഴിലാളികളുടെ മക്കളാണ്. മാതാപിതാക്കളുടെ സാമ്പത്തികം,​ വിദ്യാഭ്യാസം,​ തൊഴിൽ എന്നിവ തന്നെയാണ് ഇതിന് പ്രധാന കാരണം.