cbse

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടുത്തമാസം നാലിന് ആരംഭിക്കാനിരിക്കുന്ന സി.ബി.എസ്.ഇ പത്താംക്ളാസ്, പ്ളസ് ടു ബോ‌ർഡ് പരീക്ഷകൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് കഠിനമാണെന്നും അതിനാൽ മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും സി.ബി.എസ്.ഇ മുതി‌ർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സാമൂഹിക അകലം ഉറപ്പാക്കാൻ 2500 പുതിയ പരീക്ഷാകേന്ദ്രങ്ങൾ കൂടി സി.ബി.എസ്.ഇ സജ്ജീകരിക്കുന്നുണ്ടെങ്കിലും ആശങ്ക അകലുന്നില്ല. കൊവിഡ് വ്യാപനം അതീവഗുരുതര സ്ഥിതിയിലായതോടെ മഹാരാഷ്ട്ര വിദ്യാഭ്യാസ ബോ‌ർഡ് പത്ത്,​ പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചിരുന്നു.

പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊഖ്രിയാലിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ കത്തെഴുതിയിരുന്നു. പരീക്ഷ നടത്തുന്നതിനെതിരെ ട്വിറ്ററിൽ കോൺഗ്രസും വിദ്യാ‌ർത്ഥികളും കാമ്പെയിൻ സംഘടിപ്പിച്ചിരുന്നു.