ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി പള്ളി, മതപരമായ മറ്റേതെങ്കിലും മന്ദിരത്തിന് മാറ്റം വരുത്തിയാണോ സ്ഥാപിച്ചതെന്ന് പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയോട് (എ.എസ്.ഐ) നിർദ്ദേശിച്ച വാരാണസി കോടതി ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റി, സുന്നി വക്കഫ് ബോർഡ് എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
1991ലെ ആരാധനാസ്ഥല നിയമത്തിനെതിരാണ് വാരണാസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരിയുടെ ഉത്തരവെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഒപ്പം അലഹാബാദ് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി പറയാനിരിക്കെ, എങ്ങിനെയാണ് വാരണാസി കോടതിയ്ക്ക് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ഹർജിയിൽ ചോദിച്ചു.
പള്ളി എന്തിന്റെയെങ്കിലും മുകളിലാണോ സ്ഥാപിച്ചിട്ടുള്ളത്, എന്തിനെങ്കിലും മാറ്റം വരുത്തിയോ കൂട്ടിച്ചേർത്തോ ആണോ നിർമാണം, മേൽപറഞ്ഞ തരമാണു നിർമാണമെങ്കിൽ, ഇപ്പോഴുള്ള മന്ദിരത്തിന്റെ കാലപ്പഴക്കം, വലുപ്പം, രൂപകൽപനയുടെ ശൈലി, ഉപയോഗിച്ചിട്ടുള്ള നിർമാണ വസ്തുക്കൾ, പള്ളി നിർമിക്കും മുൻപ് ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നോ, എങ്കിൽ അതിന്റെ കൃത്യമായ കാലപ്പഴക്കം, വലുപ്പം, രൂപകൽപനയുടെ ശൈലി, പ്രതിഷ്ഠ തുടങ്ങിയ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കഴിഞ്ഞ 9ന് വാരണാസി കോടതി ഉത്തരവിട്ടത്.കേസ് അടുത്ത മാസം 31നു വീണ്ടും പരിഗണിക്കും.