ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാക്കി പ്രതിദിന കൊവിഡ് രോഗികളുടെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,61,736 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികൾ ഒന്നരലക്ഷം കടക്കുന്നത്. 879 പേർ കൂടി മരിച്ചു.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് രോഗികളുള്ളത്. പുതിയ രോഗികളുടെ 80.80 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 16 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 12,64,698 ആയി.
ഇത് രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 9.24 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 1,22,53,697 പേർ രോഗ മുക്തരായി. രോഗമുക്തി നിരക്ക് വീണ്ടും കുത്തനെ ഇടിഞ്ഞ് 89.51 ശതമാനമായി.