ന്യൂഡൽഹി/കൊൽക്കത്ത: വിവാദ പ്രസ്‌താവനകളുടെ പേരിൽ 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ പ്രതിഷേധിച്ച് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി കൊൽക്കത്തയിൽ സത്യാഗ്രഹമിരുന്നു. കൊൽക്കത്ത മയോ റോഡ് വെന്യൂവിലെ ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ രാവിലെ 11.40മുതൽ വൈകിട്ട് മൂന്നുവരെയായിരുന്നു സത്യാഗ്രഹം. രാത്രി എട്ടുമണിക്ക് വിലക്ക് തീർന്ന ശേഷം രണ്ട് റാലികളിൽ മമത പങ്കെടുത്തു.
തൃണമൂൽ നേതാക്കളെയും പ്രവർത്തകരെയും അകറ്റി നിറുത്തി ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ വീൽ ചെയറിൽ മമത ഒറ്റയ്‌ക്കായിരുന്നു പ്രതിഷേധം. പ്രസംഗവും ബഹളവുമില്ലാതെ മമത തന്റെ പ്രിയവിനോദമായ പെയിന്റിംഗിൽ മുഴുകി. ചിത്രകാരി കൂടിയായ മമത കാൻവാസും കളറും ബ്രഷും കൊണ്ടുവന്നിരുന്നു. പിന്നീട് കുറച്ചു നേരം മൊബൈൽ ഫോൺ നോക്കിയിരുന്നു. ഒറ്റയ്‌ക്കാണ് സമരമെന്നും മറ്റാരെയും അനുവദിച്ചിട്ടില്ലെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യാഗ്രഹം കാണാൻ മയോ റോഡിൽ നിരവധിപ്പേരെത്തി. അവർ നോക്കി നിൽക്കെ രണ്ട് പെയിന്റിംഗുകൾ പൂർത്തിയാക്കിയ ശേഷം സത്യാഗ്രഹം അവസാനിപ്പിച്ച് മമത മടങ്ങി. രാത്രി എട്ടുമണിക്ക് ബാരാസത്തിലും ബിധാനഗറിലും നടന്ന റാലികളിൽ അവർ പങ്കെടുത്തു.
തൃണമൂൽ നേതാക്കളും പ്രവർത്തകരും ചില ചിത്രകാരൻമാരും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിൽ പ്രതിഷേധമറിയിക്കുന്ന പോസ്റ്ററുകളും ബാനറുകളുമായി മമതയ്ക്ക് അല്പം അകലെയിരുന്ന് പ്രതിഷേധിച്ചിരുന്നു.
കൂച്ച് ബെഹാറിലെ റാലിയിൽ വോട്ടുകൾ ഭിന്നിക്കാതെ ന്യൂനപക്ഷങ്ങൾ തൃണമൂലിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതും വോട്ട് തടയാൻ ശ്രമിച്ചാൽ കേന്ദ്രസേനയെ ആക്രമിക്കണമെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്‌തതുമാണ് മമതയ്‌ക്കെതിരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് ആധാരം.
സത്യാഗ്രഹമിരുന്നത് സേനയുടെ ഭൂമിയിൽ
കരസേനയുടെ ഉടമസ്ഥതയിലുള്ല സ്ഥലത്ത് അനുമതിയില്ലാതെ മമത സമരം നടത്തിയത് വിവാദമായി. ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും തൃണമൂൽ പരിപാടിക്കായി രാവിലെ 9.30ന് അനുമതി തേടിയതാണെന്നും ഈസ്റ്റേൺ കമാൻഡ് അധികൃതർ അറിയിച്ചു. എന്നാൽ അനുമതി നൽകുന്നതിന് മുമ്പെ മമത സമരം തുടങ്ങിയെന്നും അവർ പറഞ്ഞു.