വാക്സിൻ പാഴാക്കാത്ത സംസ്ഥാനം കേരളം
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളി. വാക്സിൻ ക്ഷാമമല്ല, പ്രശ്നം സംസ്ഥാനങ്ങളുടെ ആസൂത്രണമില്ലായ്മയാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാക്സിനുകൾ പാഴായി പോകുന്ന അവസ്ഥ ഒഴിവാക്കാൻ, ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന വാക്‌സിൻ ഡോസുകൾ ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് കൃത്യമായി എത്തിക്കുകയാണ് വേണ്ടത്. വാക്സിൻ പാഴാക്കാത്ത സംസ്ഥാനം കേരളമാണ്. 8 മുതൽ 9 ശതമാനം വരെ ഡോസുകൾ പാഴാക്കിയ സംസ്ഥാനങ്ങളുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.
നിലവിൽ 1.67 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളിൽ ലഭ്യമാണ്. ഇതുവരെ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് 13 കോടി വാക്‌സിൻ ഡോസുകളാണ് നൽകിയത്. രണ്ട് കോടി ഡോസുകൾ ഏപ്രിൽ അവസാനത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് റെംഡസീവിർ മരുന്ന് ആവശ്യത്തിനുണ്ടെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി.കെ പോൾ പറഞ്ഞു. വീട്ടിൽ കഴിയുന്നവർക്കല്ല റെംഡസീവിർ നൽകേണ്ടത്. ഡോക്ടർമാർ യുക്തിപൂർവം റെംഡെസീവിർ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വിദേശ വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി വി.കെ പോൾ പറഞ്ഞു. മുൻഗണനാവിഭാഗങ്ങൾക്കുള്ള വാക്‌സിൻ ഡോസുകൾക്ക് ക്ഷാമമില്ലെന്നും ജൂലായ് മുതൽ വാക്സിൻ ലഭ്യത മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.