prince-harry

ന്യൂഡൽഹി: ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിൻസ് ഹാരി മിഡിൽട്ടൻ എന്ന ഹാരി രാജകുമാരൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നാരോപിച്ച് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ നല്കിയ ഹർജി കോടതി തള്ളി.

രാജകുമാരനെതിരെ നടപടിയെടുക്കാൻ യു.കെ. പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു പഞ്ചാബ് ആൻഡ് ഹരിയാന കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം.

തന്റെ വാദം ശരിവയ്ക്കുന്നതിനായി ഏതാനും ഇ-മെയിൽ വിവരങ്ങളും തെളിവായി യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാരി രാജകുമാരനുമായി അഭിഭാഷക നടത്തിയ സംഭാഷണങ്ങളായിരുന്നു. സോഷ്യൽ മീഡിയ വഴി ആയിരുന്നു രാജകുമാരനുമായി സംസാരിച്ചിരുന്നതെന്നും താനും ഹാരിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അയാളുടെ പിതാവായ ചാൾസ് രാജകുമാരനും സന്ദേശം അയച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

ഒരു തവണയെങ്കിലും യു.കെ. സന്ദർശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പരാതിക്കാരിയുടെ മറുപടി. ഇതോടെ പരാതി തള്ളിയ കോടതി ഹർജിക്കാരിയുടെ പകൽ കിനാവുകൾ മാത്രമാണിതൊക്കെയെന്നും നിരീക്ഷിച്ചു.

'സംഭാഷണം" എന്ന് പറഞ്ഞ് പരാതിക്കാരി ഹാജരാക്കിയത് യഥാർത്ഥ പകർപ്പുകളല്ല, ചില ഭാഗം ഒഴിവാക്കി ചിലത് മായ്ച്ചുകളഞ്ഞതാണ്. ഫേസ്ബുക്ക്, ട്വിറ്റർ മുതലായ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാജ ഐഡികൾ സൃഷ്ടിക്കപ്പെടുന്നുവെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ആ സംഭാഷണത്തിന്റെ ആധികാരികതയെ കോടതിക്ക് ആശ്രയിക്കാൻ കഴിയില്ല. അത്തരം വ്യാജസംഭാഷണങ്ങൾ ശരിയാണെന്ന് വിശ്വസിച്ച ഹർജിക്കാരിയോട് അനുഭാവം പ്രകടിപ്പിക്കാൻ മാത്രമേ കഴിയൂ എന്നും കോടതി അറിയിച്ചു.