ന്യൂഡൽഹി: കൊവിഡ് പരിശോധനയുടെ 70 ശതമാനവും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്ന നിർദേശം കേരളം അടക്കം പല സംസ്ഥാനങ്ങളും നടപ്പാക്കുന്നില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ വിമർശനം.
കേരളത്തിൽ ആർ.ടി.പി.സി.ആർ 43.2 ശതമാനം മാത്രമാണ്. സംസ്ഥാനത്ത് വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 8.13 ശതമാനമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ പ്രതിദിന രോഗികൾ 57000 കടന്നു. അവിടെ 57.6 ശതമാനമായി ആർ.ടി.പി.സി.ആർ പരിശോധന കുറഞ്ഞു. രോഗികൾ കൂടിവരുന്ന യു.പി, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളും പരിശോധന കൂട്ടണം.
മഹാരാഷ്ട്ര, ഛത്തീസ്ഗ്ഢ്, യു.പി, കർണാടക, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം, തെലങ്കാന, ഉത്തരാഖണ്ഡ്, ആന്ധ്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വർദ്ധനയുണ്ട്.