ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂലിന്റെ ആധിപത്യം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് തലവേദനയായി നേതാക്കളുടെ വിവാദ പ്രസ്താവനകൾ. നാലാം ഘട്ട വോട്ടെടുപ്പിനിടെ അക്രമമുണ്ടായ സീതാൽ കുച്ചിയിൽ കേന്ദ്രസേന നാലിന് പകരം എട്ടുപേരെയെങ്കിലും വെടിവച്ചിടണമായിരുന്നുവെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് രാഹുൽ സിൻഹയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ 48മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി. രാഹുൽ സിൻഹയുടെ പ്രസ്‌താവന പ്രകോപനപരവും മനുഷ്യജീവനെ നിസാരമാക്കുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.
കൊല്ലപ്പെട്ട നാലുപേരും കുരുത്തൻകെട്ടവരായിരുന്നു എന്ന് സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞതിനെ ചൊല്ലിയുള്ള പുകിൽ കെട്ടടങ്ങും മുമ്പാണ് രാഹുൻ സിൻഹയുടെ ഡയലോഗ്.
'സീതാൽ കുച്ചിയിൽ എട്ടുപേരെയെങ്കിലും സേന വെടിവച്ചിടേണ്ടതായിരുന്നു. അതു ചെയ്യാത്ത സേനയ്‌ക്ക് നോട്ടീസ് കൊടുക്കണം. ജനാധിപത്യ അവകാശങ്ങൾ തടയാൻ ശ്രമിക്കുന്നവരെ അങ്ങനെയാണ് നേരിടേണ്ടത്. ഇതുപോലുള്ള സംഭവങ്ങളുണ്ടായാൽ സേന സമാനമായ രീതിയിൽ ഉത്തരം നൽകുമെന്നും' രാഹുൽ സിൻഹ പറഞ്ഞു.
അതേസമയം മമതാ ബാനർജിക്ക് വോട്ടു ചെയ്താൽ 'മിനി പാകിസ്ഥാൻ' രൂപപ്പെടുമെന്ന് പ്രസംഗിച്ച സുവേന്ദു അധികാരിക്ക് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു കമ്മിഷന്റെ താക്കീത്. പൊതുവേദികളിൽ ഇത്തരം വിവാദ പ്രസ്‌താവനകൾ ഒഴിവാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.