ന്യൂഡൽഹി/മുംബയ്: കൊവിഡ് രണ്ടാം വ്യാപനം തടയുന്നതിനായി മഹാരാഷ്‌ട്രയിൽ 15 ദിവസത്തെ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തി. ഇന്നു രാത്രി എട്ടു മണി മുതൽ മേയ് ഒന്നുവരെയാണ് കർഫ്യൂ. അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. പ്രതിദിന രോഗികളുടെ എണ്ണം 60,000 കവിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ രാത്രിയാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
എല്ലാ പൊതുപരിപാടികൾക്കും സേവനങ്ങൾക്കും കടകൾക്കും സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. നാലു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ലോക്കൽ ട്രെയിൻ, ബസ് സർവീസുകൾ തുടങ്ങിയവ അവശ്യ സേവനക്കാർക്ക് മാത്രമായിരിക്കും. പെട്രോൾ പമ്പുകൾ, സെബിയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ ഇളവ് നൽകും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാഴ്സൽ, ഹോം ഡെലിവറി സർവീസുകൾ അനുവദിക്കും. പച്ചക്കറി, പലവ്യഞ്ജനം, പാൽ വ്യാപാരങ്ങൾക്കും കോൾഡ് സ്റ്റോറേജ്, സംഭരണ ശാലകൾക്കും ഇളവുണ്ട്.
വാക്സിനേഷൻ ക്യാമ്പുകൾ, ആശുപത്രികൾ, ക്ളിനിക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ഫാർമസി, ഫാർമസ്യൂട്ടിക്കൽ മേഖല, മരുന്ന്-സാനിറ്റൈസർ-മാസ്ക് നിർമ്മാണം തുടങ്ങിയവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കി.
സംസ്ഥാനത്ത് ആശുപത്രികളിൽ കിടക്കകൾക്കും ഓക്സിജനും ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. വ്യോമസേനയുടെ സഹായത്തോടെ കൂടുതൽ ഓക്‌സിജൻ എത്തിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.