ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചനയും, അതിൽ കേരളത്തിലെ സീനിയർ പൊലീസ് ഓഫീസർമാരുടെ പങ്കും സി.ബി.ഐ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
നമ്പി നാരായണനെ കേസിൽ കുടുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികളുൾപ്പെടെ ശുപാർശ ചെയ്യാൻ 2018ൽ സുപ്രീംകോടതി നിയോഗിച്ച മുൻ ജസ്റ്റിസ് ഡി.കെ ജയിൻ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലാണ് സുപ്രധാന ഉത്തരവ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന വളരെ ഗുരുതരമായ കാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തുന്നത് കോടതി വിലക്കി.
റിപ്പോർട്ടിന്റെ പകർപ്പ് സി.ബി.ഐ ആക്ടിംഗ് ഡയറക്ടർക്ക് കൈമാറാൻ ഉത്തരവിട്ട ബെഞ്ച്, ഇത് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കി സി.ബി.ഐക്ക് തുടർനടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കി. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടു.
നമ്പി നാരായണന്റെ ഹർജിയിൽ മുൻ പൊലീസ് ഓഫീസർമാരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവരാണ് ഉത്തരവാദികളെന്ന് ആരോപിച്ചിരുന്നു. 2020 ഡിസംബറിൽ ജയിൻ സമിതി തിരുവനന്തപുരത്ത് നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തി. മുൻ കേന്ദ്ര ആഭ്യന്തര അഡിഷണൽ സെക്രട്ടറി ഡി.കെ. പ്രസാദ്, കേരളത്തിലെ മുൻ അഡി. ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
റിപ്പോർട്ട് രഹസ്യം
ജയിൻ സമിതി റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് നമ്പി നാരായണന്റെ അഭിഭാഷകൻ സി. ഉണ്ണിക്കൃഷ്ണനും സിബി മാത്യൂസിന്റെ അഭിഭാഷകൻ അമിത് ശർമ്മയും ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. റിപ്പോർട്ട് മാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്താനോ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനോ പാടില്ല.
തന്നെ കേട്ടില്ലെന്ന് സിബി മാത്യൂസ്
ജയിൻ സമിതി തന്റെ ഭാഗം കേട്ടില്ലെന്ന് സിബി മാത്യൂസ് കോടതിയെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പ്രതിഭാഗം കേൾക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം കോടതി നിരീക്ഷണത്തിൽ വേണമെന്ന ആവശ്യവും തള്ളി.
അടിസ്ഥാനരഹിതമെന്ന് സി.ബി.ഐ
ചാരക്കേസ് അന്വേഷിച്ചത് സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവരാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ പിന്നീട് കണ്ടെത്തി. സുപ്രീം കോടതി വിധിയനുസരിച്ച് നമ്പി നാരായണന് 1.30 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.