ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചു. യോഗിക്ക് ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജോലികളെല്ലാം ഓൺലൈനായി ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഏപ്രിൽ അഞ്ചിന് യോഗി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. സംസ്ഥാന നഗരവികസന മന്ത്രി അശുതോഷ് ടണ്ടൻ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
10 ജില്ലകളിൽ നൈറ്റ് കർഫ്യൂ
മഹാരാഷ്ട്ര കഴിഞ്ഞാൽ യു.പിയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത്. ബുധനാഴ്ച 20,439 പേരാണ് സംസ്ഥാനത്ത് രോഗികളായത്. ലക്‌നൗ, വാരണാസി, അലഹാബാദ്, കാൺപുർ, ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പുർ തുടങ്ങി യു.പിയിലെ 10 ജില്ലകളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി. മേയ് എട്ടിന് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ മേയ് 20 വരെ മാറ്റിവച്ചു.