ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ളാസ് പരീക്ഷ നീട്ടിവയ്ക്കാനുമുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം മറ്റൊരു വിവാദമായി. പരീക്ഷാ നടത്തിപ്പിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്ന സി.ബി.എസ്.ഇയുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തത്. മേയ് നാലു മുതൽ ജൂൺ നാലു വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷയാണ് റദ്ദാക്കിയത്. മേയ് നാലു മുതൽ ജൂൺ 14 വരെ നടക്കേണ്ടിയിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് നീട്ടിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജൂൺ ഒന്നിന് സാഹചര്യം വിലയിരുത്തിയശേഷം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാത്തീയതി തീരുമാനിക്കും.
തീയതി പ്രഖ്യാപിച്ചാൽ, പതിനഞ്ചു ദിവസം കഴിഞ്ഞായിരിക്കും പരീക്ഷ തുടങ്ങുന്നത്.
പത്താംക്ലാസിൽ രാജ്യത്താകെ 1.8 ദശലക്ഷം വിദ്യാർത്ഥികളുണ്ട്. ഇവർക്ക് ഇതുവരെയുള്ള പ്രവർത്തനമികവ് കണക്കാക്കി മാർക്കു നൽകും. ആക്ഷേപം ഉണ്ടെങ്കിൽ പരീക്ഷ എഴുതാനുള്ള അവസരം നൽകും. കഴിഞ്ഞ വർഷവും ഇതേ രീതിയായിരുന്നു.
#ഒരുക്കമായി, എന്നിട്ടും
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും 2500 ലേറെ അധിക പരീക്ഷ കേന്ദ്രങ്ങളൊരുക്കിയും ഓഫ് ലൈനായി പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങളുമായി സി.ബി.എസ്.ഇ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി ഉൾപ്പെട്ട സംഘത്തിന്റെ തീരുമാനം.കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥികളുമടക്കം സാമൂഹിക മാദ്ധ്യമങ്ങൾ വഴി രംഗത്തെത്തിയിരുന്നു. പരീക്ഷ മാറ്റാൻ ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒപ്പുവച്ച നിവേദനവും നൽകിയിരുന്നു. ഹരിയാന ബോർഡ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. മഹാരാഷ്ട്ര, യു,പി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ബോർഡ് പരീക്ഷകൾ നീട്ടിവയ്ക്കാൻ തീരുമാനിച്ചു.
പരീക്ഷ മാറ്റവയ്ക്കുന്നത് സംബന്ധിച്ച് 34 അംഗങ്ങളുള്ള സി.ബി.എസ്.ഇ സമിതിയോട് ചർച്ചചെയ്തില്ല. പരീക്ഷ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു. മാർച്ച് -ഏപ്രിൽ മാസങ്ങളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്രത്തിന്റെയും നിർദേശം കണക്കിലെടുത്താണ് അതു മാറ്റിയത്.
സി.ബി.എസ്.ഇ
അധികൃതർ
സി.ഐ.എസ്.സി.ഇ
തീരുമാനംഉടൻ
ന്യൂഡൽഹി :കൊവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ സെക്രട്ടറി ജെറി ആരത്തോൺ പറഞ്ഞു.നിലവിൽ മേയ് നാലിനാരംഭിച്ച് ജൂൺ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പത്താം ക്ലാസ് പരീക്ഷ. 12ാം ക്ലാസ് പരീക്ഷ മേയ് എട്ടിനാരംഭിച്ച് ജൂൺ 18ന് അവസാനിക്കും.