singh

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്‌ക്കുള്ള താത്പര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് ഡൽഹിയിൽ നടന്ന റെയ്സീന ഡയോലോഗ് പരിപാടിയിൽ പറഞ്ഞു.

ചൈനയുടെ നിലവിലുള്ള വിപണിയും ഊർജ്ജ ഉറവിടങ്ങളും പടിഞ്ഞാറൻ രാജ്യങ്ങളിലാണെങ്കിലും ഇന്ത്യൻ സമുദ്രത്തിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള നീക്കം സ്വാഭാവികമാണ്. ചൈനയുടെ നീക്കങ്ങളെ ഇന്ത്യ ജാഗ്രതാ പൂർവ്വം നിരീക്ഷിച്ചു വരികയാണ്. അന്താരാഷ്‌ട്ര സമുദ്രത്തിൽ ഒരു രാജ്യത്തിന് മാത്രമായി എന്തെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നിലധികം രാജ്യങ്ങൾ ഒന്നിച്ച് സഹകരിക്കുന്നതാണ് രീതി.

ഇന്ത്യൻ സമുദ്രത്തിന്റെ പ്രത്യേകതകൾ മനസിലാക്കി മേഖലയിലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്ന് യു.എസ്, ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങൾ അടങ്ങിയ ക്വാഡ് സഹകരണം സൂചിപ്പിച്ച് സിംഗ് പറഞ്ഞു. വെല്ലുവിളികളെ നേരിടാനും ഇത്തരം സഹകരണം സഹായിക്കും. ക്വാഡിന് സുരക്ഷാ വിഷയങ്ങൾക്കപ്പുറത്ത് വിവിധ മേഖലകളിലെ സഹകരണത്തിന് ഏറെ സാദ്ധ്യതകളുണ്ടെന്ന് യു.എസിന്റെ ഇന്തോ-പസഫിക് കമാൻഡർ അഡ്മിറൽ ഫിലിപ്പ് സ്കോട്ട് ഡേവിഡ്സൺ ചൂണ്ടിക്കാട്ടി.

 സുരക്ഷ അവലോകനം ചെയ്‌ത് വ്യോമസേനാ കമാൻഡർ യോഗം

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷം അടക്കം രാജ്യം നേരിടുന്ന വിവിധ സുരക്ഷാ ഭീഷണികൾ ഇന്നലെ ഡൽഹിയിൽ തുടങ്ങിയ വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനം സമഗ്രമായി വിലയിരുത്തി. വ്യോമസേനാ ആസ്ഥാനത്ത് നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്‌തു. ഏത് സാഹചര്യവും നേരിടാനുള്ള വ്യോമസേനയുടെ സന്നാഹങ്ങളെ പ്രതിരോധ മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. ഭാവിയിലെ വെല്ലുവിളികൾ നേരിടാനും സേന സജ്ജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് സേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ആവിഷ്ക‌രിക്കേണ്ട നയങ്ങളെക്കുറിച്ചും മാനവവിഭവ ശേഷി അടക്കം വർദ്ധിപ്പിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.